പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ‘ഒപ്പം’ എന്ന മോഹന്‍ലാല്‍ സിനിമയ്ക്ക് ശേഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മണിയന്‍പിള്ള രാജുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
ശ്രീലങ്കയാണ് ഈ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. നര്‍മ്മം നിറഞ്ഞ ഒരു പ്രണയകഥയാണ് ഈ സിനിമ പറയുന്നതെന്നാണ് സൂചന.
പൃഥ്വിരാജ് ആദ്യമായാണ് പ്രിയദര്‍ശന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്. പൃഥ്വിയെ നായകനാക്കി അദ്വൈതം പോലെ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചെയ്യാന്‍ പ്രിയദര്‍ശന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ പ്രൊജക്ട് മാറ്റിവച്ചാണ് ഒരു കോമഡി പ്രണയസിനിമ ഒരുക്കാന്‍ ഇപ്പോള്‍ പ്രിയന്‍ ഒരുങ്ങിയിരിക്കുന്നത്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയന്‍ സംവിധാനം ചെയ്യുന്ന ഒപ്പത്തിന്‍റെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും. അതിന് ശേഷം പൃഥ്വിയുടെ സിനിമയുടെ തിരക്കുകളിലേക്ക് പ്രിയദര്‍ശന്‍ കടക്കും. പ്രിയന്‍ തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.
പൃഥ്വിയുടെ സമീപകാല സൂപ്പര്‍ഹിറ്റായ ‘പാവാട’ നിര്‍മ്മിച്ചത് മണിയന്‍പിള്ള രാജു ആയിരുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പ്രിയദര്‍ശന്‍ ചിത്രം മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്നത്. പ്രിയന്‍റെ സൂപ്പര്‍ഹിറ്റുകളായ വെള്ളാനകളുടെ നാട്, ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ എന്നിവ നിര്‍മ്മിച്ചത് രാജു ആയിരുന്നു.