ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റെങ്കിലും അര്‍ജന്റീനയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ അര്‍ജന്റീനയ്ക്ക് ക്രൊയേഷ്യയോട് തോറ്റതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണുള്ളത്.
ഇന്നലത്തെ ജയവുമായി ആറ് പോയിന്റോടെ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. അന്റെ റബെക്കെ, ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ലക്ഷ്യം കണ്ടത്.
അതേസമയം, അര്‍ജന്റീനയ്‌ക്കൊപ്പം ഗ്രൂപ്പില്‍ ഒരു പോയിന്റുള്ള ഐസ്ലാന്‍ഡും ഒറ്റ പോയിന്റും ഇല്ലാത്ത നൈജീരിയയും തമ്മിലുള്ള മത്സരമാകും അര്‍ജന്റീനയുടെ ഈ ലോകകപ്പിലെ വിധി എഴുതുക.
ഈ മത്സരത്തില്‍ ഐസ്ലന്‍ഡ് ജയിച്ചാല്‍ നാല് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറും. അതേസമയം, നൈജീരിയ ജയിച്ചാല്‍ അവരാകും രണ്ടാം സ്ഥാനത്തേക്ക് കയറുക. സമനിലയാകുന്നതാണ് അര്‍ജന്റീനയെ അപേക്ഷിച്ച് ഏറ്റവും അനുകൂലം.
അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയും ക്രൊയേഷ്യ ഐസ്ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ അവസാന പതിനാറില്‍ മെസ്സിക്കും കൂട്ടര്‍ക്കും ഇടം നേടാം.