കുഞ്ഞാലിക്കുട്ടിയെ വീഴ്ത്താന്‍ ചാനലുകള്‍ കാത്തിരിക്കുന്നു!

Webdunia
ശനി, 29 ജനുവരി 2011 (15:24 IST)
PRO
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാന്‍ പ്രാപ്തമായ ചില വെളിപ്പെടുത്തലുകള്‍ക്ക് മലയാളത്തിലെ ടി വി ചാനലുകള്‍ തയ്യാറെടുക്കുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ജീവിതം തന്നെ അപകടത്തിലാക്കിയേക്കാവുന്ന ചില വിവരങ്ങളും ദൃശ്യങ്ങളും പുറത്തുവിടാനാണ് ചാനലുകള്‍ നല്ല സമയം കാക്കുന്നത്. മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലുകള്‍ക്കെല്ലാം കുഞ്ഞാലിക്കുട്ടിക്കെതിരായ നിര്‍ണായക വിവരങ്ങളടങ്ങിയ ഡി വി പായ്ക്കുകള്‍ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

ഐസ് ക്രീം പാര്‍ലര്‍ കേസില്‍ തനിക്ക് അനുകൂലമായി വിധി സമ്പാദിക്കാനായി കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് ഇവയില്‍ ഏറ്റവും പ്രധാനം. ചാനലുകള്‍ ഇവ ഉടന്‍ പുറത്തുവിടുമെന്ന് തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടി തിടുക്കത്തില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരെ കണ്ടത്. റൌഫ് മാധ്യമങ്ങള്‍ക്ക് കൈമാറിയതും കൈമാറാനിരിക്കുന്നതുമായ രേഖകള്‍ വ്യാജമാണെന്നും സി ഡികള്‍ വ്യാജ സി ഡികളാണെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്.

ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു എന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണത്രെ ചാനല്‍ മേധാവികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇവ പുറത്തുവന്നാല്‍ കേരള രാഷ്ട്രീയം കുലുങ്ങിവിറയ്ക്കും എന്നുമാത്രമല്ല നിയമവ്യവസ്ഥയുടെ സത്യസന്ധതയും ചോദ്യം ചെയ്യപ്പെടും.

വെള്ളിയാഴ്ച ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ചാനല്‍ ന്യൂസ്‌ എഡിറ്റര്‍ തനിക്ക് കുഞ്ഞാലിക്കുട്ടിക്കെതിരായ രേഖകള്‍ ലഭിച്ചതായി അറിയിച്ചിരുന്നു. ഈ രേഖയുടെ ആധികാരികത ബോധ്യപ്പെട്ടാല്‍ ഉടന്‍ ഇവ പ്രേക്ഷകരിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിക്കെതിരായ ബോംബ് ആദ്യം ആര് പൊട്ടിക്കുമെന്നാണ് രാഷ്ട്രീയലോകവും മാധ്യമലോകവും ഉറ്റുനോക്കുന്നത്. ആരെങ്കിലും തുടക്കമിടട്ടെ എന്ന് എല്ലാ ചാനലുകളും കരുതുന്നു. ഏതെങ്കിലും ഒരു ചാനല്‍ തുടങ്ങിവച്ചാല്‍ രഹസ്യങ്ങളുടെ ഒരു കലവറ തന്നെ തുറക്കാനാണ് മറ്റ് ചാനലുകള്‍ തയ്യാറെടുക്കുന്നത്.