എച്ചിക്കാനത്തെ അളക്കാറായില്ല

Webdunia
WD
പുതിയ മലയാള കഥാസാഹിത്യത്തെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യം വരുന്ന പേരുകളിലൊന്നാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരന്റേത്. ഉത്തരാധുനിക കഥാ പരിസരത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കഥകളാണ് ഈ എഴുത്തുകാരന്റേത്. സിനിമ, ടെലിവിഷന്‍ സീരില്‍, സാഹിത്യം തുടങ്ങി ഒരുപിടി മേഖലകളില്‍ പയറ്റുന്ന സന്തോഷ് എച്ചിക്കാനവുമായി വെബ്‌ദുനിയയുടെ അരുണ്‍ തുളസീദാസ് തടത്തിയ നീണ്ട അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇതാ -

അരുണ്‍ തുളസീദാസ് - സന്തോഷ് എച്ചിക്കാനത്തെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ വായനക്കാരായ മലയാളികള്‍ക്ക് ഓര്‍മ്മവരുന്ന ഒരു പേരാണ് “കൊമാല” എന്നത്. പെഡ്രോ പരാമ സാഹിത്യലോകത്ത് സൃഷ്ടിച്ച പുതുമയുടെ മണവും അനുഭവപരിസരവുമാണ് കൊമാലയും മലയാളിക്ക് നല്‍‌കിയത് ഇത് ശരിക്കും മലയാളിയുടെ ഭാവുകത്വത്തിനേറ്റ ഒരു ആഘാതവും കൂടിയായിരുന്നു. അതെ പറ്റി?

സന്തോഷ് എച്ചിക്കാനം - പെഡ്രോ പരാമ സൃഷ്ടിച്ച അനുഭവ പരിസരത്തില്‍ നിന്നല്ല കൊമാല ഉണ്ടാവുന്നത്. ഞാന്‍ പ്രാഥമികമായും കാര്‍ഷിക ജീവിത പരിസരത്തില്‍ നിന്നുള്ള ആളാണ്. ഞാന്‍ ജീവിതം പഠിച്ചിട്ടുള്ളത് അവിടെനിന്നാണ് കാലത്ത് പോയി വെള്ളരിവള്ളികള്‍ നനയ്ക്കുകയും പൂക്കള്‍ വച്ചുപിടിപ്പിക്കുകയും മറ്റുതരത്തിലുള്ള കൃഷി നടത്തുകയും കാളകള്‍ക്ക് പേരിടുകയും അവയുടെ കൂടെ നടക്കുകയും അവയ്ക്ക് പുല്ലിട്ട് കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു അനുഭവ പരിസരമായിരുന്നു എന്റെ കുട്ടിക്കാലം.

എത്ര കാലം നാഗരികജീവിതം നയിച്ചാലും മനസില്‍ ഞാനിപ്പോഴും ഒരു കര്‍ഷകന്റെ മകന്‍ തന്നെയാണ്. അത്തരത്തിലുള്ളൊരു മാനസിക അവസ്ഥയില്‍, ഗ്ലോബലൈസേഷന്റെ ഭാഗമായിട്ട് കാര്‍ഷിക മേഖലയ്ക്കുണ്ടാവുന്ന വലിയ വലിയ ആഘാതങ്ങള്‍, മറ്റേതൊരു നാഗരികനെയും സ്പര്‍ശിക്കുന്നതില്‍ കൂടുതലായിട്ട് എന്നെ സ്പര്‍ശിക്കും. അത്തരത്തിലുള്ള ഒരു പ്രമേയം മനസില്‍ സൂക്ഷിച്ചാണ് ഞാന്‍ കൊമാല എന്ന കഥ എഴുതുന്നത്.

WD
അത് മാത്രമല്ല, ഒരു അപകടവും ആ കഥയെഴുതാന്‍ കാരണമായി. തിരുവനന്തപുരത്ത് ഒരു അഞ്ചുവര്‍ഷം മുമ്പ് ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോഴാണ് ഈ അപകടം ഉണ്ടാവുന്നത്. വണ്ടിയിടിച്ച് ഒരാള്‍ റോഡില്‍ വീണുകിടക്കുന്നു. ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞിറങ്ങിയ ആളുകള്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നു, അവരുടെ കാര്യങ്ങള്‍ നോക്കുന്നു, ലോകസിനിമയെ പറ്റി ചര്‍ച്ചചെയ്യുന്നു. എന്നാല്‍ വീണുകിടക്കുന്ന അയാളെ എടുത്തുകൊണ്ടുപോയി ആശുപത്രിയിലാക്കാന്‍ ആരുമില്ല. അവസാനം എന്റെ സുഹൃത്തും ഞാനുമാണ് അയാളെ ചോരയില്‍ നിന്ന് വാരിയെടുത്ത് ആശുപത്രിയില്‍ കൊണ്ടുപോവുന്നത്. അയാളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായി. അത്തരത്തിലുള്ള ചില അനുഭവങ്ങളാണ് കൊമാല എന്ന കഥയ്ക്ക് കാരണമാവുന്നത്.

അരുണ്‍ തുളസീദാസ് - ഗ്ലോബലൈസേഷന്‍ കാലഘട്ടത്തിന്റെ മന്ത്രമാണ്. ആഗോളവല്‍‌ക്കരണം എന്ന് മൊഴിമാറ്റം ചെയ്യാവുന്ന ഈ പദം എങ്ങിനെയാണ് സന്തോഷ് എച്ചിക്കാനം എന്ന എഴുത്തുകാരനെ സ്വാധീനിച്ചിട്ടുള്ളത്?

സന്തോഷ് എച്ചിക്കാനം - തൊണ്ണൂറുകള്‍ക്ക് ശേഷമാണ് ഗ്ലോബലൈസേഷന്‍ വരുന്നത്. ഇത് വന്നതോടെ മൊത്തം മാറുകയാണ്. നമ്മുടെ കൊച്ചുകേരളത്തില്‍ തൊണ്ണൂറുകള്‍ വലിയൊരു പരിവര്‍ത്തനത്തിന്റെ കാലഘട്ടമാണ്. ഈ പരിവര്‍ത്തന കാലഘട്ടത്തില്‍ ഗ്രാമീണജീവിതത്തില്‍ വലിയ ഉടവുകള്‍ സംഭവിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയവും സാമ്പത്തികവും ആയ അവസ്ഥ തകര്‍ന്ന് വേറൊരു രീതിയിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവാം ഈ കാലഘട്ടത്തില്‍.

ഈയവസ്ഥ എന്നെയും സ്വാധീനിച്ചിട്ടുണ്ടാവാം. എന്നാല്‍ ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം എഴുത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് വേണ്ടത്. ഇതിനായാണ് ഒരു എഴുത്തുകാരന്‍ അലയുന്നത്. അങ്ങനെ നോക്കുമ്പോള്‍ തകഴിയെപ്പോലെയോ എസ്.കെ. പൊറ്റെക്കാടിനെപ്പോലെയുമൊക്കെയേ എനിക്ക് എഴുതാന്‍ കഴിയുമായിരുന്നുള്ളൂ. കഥയെ പറ്റിയുള്ള പുതിയൊരു കാഴ്ചപ്പാടാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. എനിക്കും അതുപോലെതന്നെ. ഇങ്ങനെ പഴയ രചനാരീതിയില്‍ നിന്ന് കഥയെ അഴിച്ചുപണിയാന്‍ ഗ്ലോബലൈസേഷന്‍ ഞങ്ങളെപ്പോലുള്ള എഴുത്തുകാരോട് ആവശ്യപ്പെടുകയായിരുന്നു. പുതിയ രചനാരീതിക്ക് ഗ്ലോബലൈസേഷന്‍ വലിയൊരു പ്രേരണാഘടകമായി വര്‍ത്തിച്ചു എന്നും പറയാം.

ഗ്ലോബലൈസേഷനെ പ്രതിരോധിക്കാന്‍ ഗ്ലോബലൈസേഷന്റെ ബിംബങ്ങള്‍ തന്നെ ഞങ്ങള്‍ ഉപയോഗിക്കുന്നു. ഇതൊരു ഹോമിയോപ്പതി ചികിത്സ പോലെയാണ്. രോഗത്തിനെ പ്രതിരോധിക്കാന്‍ രോഗത്തിന്റെ ചെറിയ പതിപ്പ് ശരീരത്തില്‍ കയറ്റിവിടല്‍. അതായത് ഗ്ലോബലൈസേഷന്റെ സ്വാഭാവിക ബിംബങ്ങള്‍ ഉപയോഗിച്ച് ഗ്ലോബലൈസേഷനെ തന്നെ ചെറുക്കല്‍. അതാണ് പുതിയ തലമുറയിലെ കഥാകാരന്മാര്‍ ചെയ്യുന്നത്.

WD
അരുണ്‍ അരുണ്‍ തുളസീദാസ് - ഗ്ലോബലൈസേഷന്‍ പുതിയൊരു കൈവഴി മലയാള സാഹിത്യത്തിന് സമ്മാനിച്ചുവെന്ന് സന്തോഷ് പറയുകയുണ്ടായി. എന്നാല്‍ മലയാള കഥാ പരിസരം സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു വായനക്കാരന് ബി. മുരളി, സന്തോഷ് എച്ചിക്കാനം, സുസ്മേഷ് ചന്ത്രോത്ത് തുടങ്ങിയ എഴുത്തുകാര്‍ക്ക് ഏകദേശം സദൃശമായ എഴുത്തുരീതിയാണ് ഉള്ളതെന്ന് മനസിലാവും. എന്നാല്‍ രവിയോ എം. നന്ദകുമാറോ പോലെയുള്ളവര്‍ വേറൊരു സരണിയാണ് ഗ്ലോബലൈസേഷന്‍ കാലത്ത് വെട്ടിയുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ മലയാള കഥാ സാഹിത്യം പുതിയ സരണിയിലൂടെയാണ് സഞ്ചരിക്കുന്നതെങ്കിലും ഈ സരണിക്ക് പല കൈവഴികള്‍ ഉണ്ടെന്ന് തോന്നുന്നു. ഇനി വരുന്ന മലയാള കഥാ സാഹിത്യത്തിന് നേതൃത്വം കൊടുക്കാന്‍ കെല്‍‌പുള്ളവര്‍ ഈ കൈവഴികളില്‍ ഉണ്ടാവാം. ആരൊക്കെയാണവര്‍?

സന്തോഷ് എച്ചിക്കാനം - ഗ്ലോബലൈസേഷന് ശേഷമുള്ള മലയാള സാഹിത്യത്തിന്റെ ഭാവി പ്രവചിക്കാന്‍ പറ്റുന്ന ഒരു ഘട്ടം ഇനിയും വന്നിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. എഴുത്ത് ഒരു ഹ്രസ്വമായ കാലയളവില്‍ വിലയിരുത്താന്‍ പറ്റുന്നതല്ല. ഉദാഹരണത്തിന് നാല്‍‌പ്പത്തിയേഴ് വയസ്സിന് ശേഷമാണ് ബോര്‍ഹെസ് എഴുതിത്തുടങ്ങുന്നത്. മലയാളത്തിലാവട്ടെ, ബഷീര്‍, ബഷീറിനെ പോലെത്തന്നെ മഹത്തായ രചനകള്‍ നടത്തിയിട്ടുള്ള ഉറൂബ്, കാരൂര്‍, എം.പി. നാരായണപിള്ള എന്നിവരെ എടുത്തുനോക്കൂ. അവരൊക്കെ എപ്പോഴാണ് എഴുതിത്തുടങ്ങുന്നത്?

അതായത് കാലമിനിയും പോവാനുണ്ട്. ഗ്ലോബലൈസേഷനെ തുടര്‍ന്നുള്ള രചനകളുടെ ശൈശവത്തിലാണ് നാമിപ്പോള്‍ ഉള്ളത്. ഗ്ലോബലൈസേഷന്റെ കാലഘട്ടത്തില്‍ കഥാരചന തുടങ്ങുകയും പരീക്ഷിക്കുകയും ചെയ്യുന്ന സന്തോഷ് എച്ചിക്കാനമടക്കമുള്ള കഥാകാരന്മാര്‍ക്ക് അല്‍‌പം സമയം കൊടുക്കൂ. എന്നിട്ടാവാം ആരാണ് മലയാള കഥയെ അടുത്ത കാലഘട്ടത്തിലേക്ക് കൈപിടിച്ച് നടത്തുന്നതെന്ന ചര്‍ച്ച.

ഈ അഭിമുഖത്തിന്റെ അടുത്ത ഭാഗം “എഴുത്തുകാര്‍ക്ക് ഇന്റലിജന്‍സ് പോരാ” ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ ്.