ഒന്നര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ചെവ്വൂർ ചെറുവത്തേരിയിൽ താഴത്തുവീട്ടിൽ ബിനീഷ് കുമാറിന്റെ ഭാര്യയും വാട്ടർ അതോറിറ്റി ഒല്ലൂർ സെക്ഷനിലെ ജീവനക്കാരിയുമായ രമ്യയ്ക്കെതിരെയാണു (33) കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇതിന് മുൻപ് പൊലീസ് ചോദ്യം ചെയ്‌തപ്പോൾ, 'വാതിൽ തട്ടുന്ന ശബ്‌ദം കേട്ട് തുറന്നപ്പോൾ ആരോ ഒരാൾ എന്നെയും മകളെയും ബലമായി കിണറ്റിൽ തള്ളിയിടുകയായിരുന്നു' എന്നായിരുന്നു രമ്യ പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയം തോന്നിയ അന്വേഷണ സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രമ്യ ചെയ്‌ത ക്രൂരകൃത്യം പുറത്തുവന്നത്.
'രമ്യയും ബിനീഷും സ്ഥിരമായി വഴക്കിടാറുണ്ടെന്നും സംഭവ ദിവസം ബിനീഷ് വീട്ടിൽ എത്താൻ വൈകിയതോടെ രമ്യ ഫോണിൽ വിളിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വഴക്കാകുകയും ചെയ്‌തിരുന്നു. ഭർത്താവിനോടുള്ള ദേഷ്യം തീർക്കാനായി രമ്യ മകളേയുമെടുത്ത് കിണറ്റിലേക്ക് ചാടുകയായിരുന്നു.
എന്നാൽ രമ്യ പൈപ്പിൽ പിടിച്ചു നിൽക്കുകയും കുറച്ച് സമയത്തിന് ശേഷം മുകളിലേക്ക് കയറുകയും ചെയ്‌തു. ശേഷം മകളെക്കുറിച്ച് കുറ്റബോധം തോന്നിയപ്പോൾ വീണ്ടും കിണറ്റിലേക്ക് ചാടി തിരയുകയും ചെയ്‌തു. എന്നാൽ അത് വെറുതേയാകുകയായിരുന്നു. ഭർത്താവിനോട് കള്ളക്കഥ പറഞ്ഞ് ഫലിപ്പിക്കുകയും ചെയ്‌തു'- സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.