പതിനഞ്ചുവയസ്സുകാരിയെ ദിവസങ്ങളോളം പീഡിപ്പിച്ച പിതാവ് പൊലീസ് കസ്റ്റ്ഡിയിലായി. രണ്ടാം ഭാര്യയിലുണ്ടായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. വയനാട് കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചൈൽഡ് ലൈൻ വഴിയാണ് പൊലീസ് വിവരമറിയുന്നത്. പ്രതിയെ കൽപ്പറ്റ പോക്സോ കോടതി റിമാൻഡ് ചെയ്തു. മാനസിക സംഘർഷത്തിൽ നിന്നും പൂർണ്ണമായും മുക്തയാകാത്ത പെൺകുട്ടി, നിലവിൽ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്.
2017 മുതൽ 2018 ഡിസംബർ വരെ പലദിവസങ്ങളായി ഇയാൾ വീട്ടിൽ വച്ചു പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായാണ് പരാതി. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു പീഡനം. പിതാവിന്റെ അതിക്രമം കുട്ടി പേടി കാരണം പുറത്തുപറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി അധ്യാപികയോട് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. തുടർന്ന് സ്ക്കൂൾ അധികൃതർ തന്നെ ചൈൽഡ് ഹെൽപ്പ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ഹെൽപ്പ് ലൈൻ പ്രവർത്തകർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കമ്പളക്കാട് പൊലീസ് പെൺകുട്ടിയുടെ വിശദമൊഴിയെടുത്തു. പോക്സോ കുറ്റങ്ങൾ ചുമത്തിയാണ് പിതാവിനെതിരെ കുറ്റപത്രം ചുമത്തിയിരിക്കുന്നത്. കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.