കുട്ടികളുടെ ഗെയിം ആസക്തി കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി വീഡിയോ ഗെയിമുകളില്‍ പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. അതുകൊണ്ടു തന്നെ ഇനി പബ്ജി എല്ലാ പ്രായക്കാർക്കും കളിക്കാൻ കഴിയില്ല.13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഗെയിം ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി ആവശ്യപ്പെടുന്ന സ്‌ക്രീന്‍ ലോക്ക് സംവിധാനം ഗെയിമുകളില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
സൂപ്പര്‍ ഹിറ്റ് ഗെയിമുകളായ പബ്ജിയുടേയും, ഓണര്‍ ഓഫ് കിങ്സിന്റേയും ചൈനീസ് പതിപ്പുകളിലാണ് ഈ നിയന്ത്രണം ആദ്യം കൊണ്ടുവരിക. ചൈനീസ് ഗെയിം ഡെവലപ്പര്‍ ടെന്‍സെന്റ് ആണ് വീഡിയോ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും ചൈനീസ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി കളിക്കുന്ന ഗെയിമുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ കാഴ്ച ശക്തിയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കാരണമാണ്.
യുവാക്കളുടെ ഗെയിമിങ് സമയം നിയന്ത്രിക്കുന്നതിന് വേണ്ടി ഓണര്‍ ഓഫ് കിങ്സ് എന്ന ഗെയിമില്‍ റിയല്‍ നെയിം ഐഡന്റിഫിക്കേഷന്‍ സംവിധാനം ടെന്‍സെന്റ് അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ഗെയിം വിപണിയാണ് ചൈന. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ആണ് ഏറ്റവും വലിയ ഗെയിം കമ്പനി.