കളി നടക്കുന്നതിനിടയ്ക്ക് വൈദ്യുതി പോയാല്‍ ഏതു നാട്ടുകാരുടെയും പ്രതികരണം ഒരുപോലെയാണ്. കറണ്ടാപ്പീസിലേക്ക് വണ്ടി പിടിച്ച് ചെന്ന് തല്ലിത്തകര്‍ക്കുക എന്നതാണ് പരമ്പരാഗത രീതി. ക്രിക്കറ്റ് ആരാധകരുടെ ഇത്തരം പ്രകടനങ്ങള്‍ മൂലം ഭക്‌ഷ്യപ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന ബംഗ്ലാദേശ് സര്‍ക്കാര്‍ മുണ്ട് മുറുക്കിയുടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാവര്‍ക്കും ക്രിക്കറ്റ് കാണാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഇപ്പോള്‍ ബംഗ്ലാദേശ് സര്‍ക്കാരിന്‍റെ നയം. ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ മൂന്ന് വേദികളില്‍ ഒന്നായ ബംഗ്ലാദേശ്, തലസ്ഥാനമായ ധാക്കയിലെ ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്പിച്ചാണ് ജനങ്ങള്‍ക്ക് ടെലിവിഷനില്‍ മത്സരം കാണാനുള്ള വൈദ്യുതി സ്വരൂപിക്കുന്നത്. ക്രിക്കറ്റ് മത്സരം നടക്കുന്ന സമയത്ത് ഫാക്ടറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തണമെന്ന ഉത്തരവ് എല്ലാ ഫാക്ടറികള്‍ക്കും നല്‍കിയതായി ധാക്ക വൈദ്യുതി കമ്പനി അധികൃതര്‍ അറിയിച്ചു.
ഈ തീരുമാനം കൊണ്ട് വലഞ്ഞു പോയിരിക്കുന്നത് ഏതാണ്ട് അയ്യായിരം ഫാക്ടറികളാണ്. നിയന്ത്രണം ഏര്‍പ്പെടുത്തിയ സമയത്ത് ഫാക്ടറി പ്രവര്‍ത്തിച്ചാല്‍ ഫ്യൂസ് ഊരുമെന്നാണ് അധികൃതര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിന് ചില ന്യായങ്ങല്‍ നിരത്താനുണ്ട്. നാട്ടുകാര്‍ ടിവി കാണുന്നതില്‍ ഏതായാലും നിയന്ത്രണം വരുത്താനാവില്ല. ടിവികളും ഫാക്ടറികളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ ജലസേചന പദ്ധതികള്‍ക്ക് വേണ്ട് ഊര്‍ജ്ജം നല്‍കാനാവില്ല. വിത്തിറക്കലിന്‍റെ സമയത്താണ് ലോകകപ്പ് കടന്നുവന്നിരിക്കുന്നത്. കടുത്ത ഭക്‍ഷ്യ പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ഫാക്ടറി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ അത്യാവശ്യം ഭക്‍ഷ്യോത്പാദനം തന്നെയാണ്. 150 ദശലക്ഷം പേരാണ് ബംഗ്ലാദേശില്‍ പട്ടിണിയോട് പൊരുതിക്കൊണ്ടിരിക്കുന്നത്.
ടൂര്‍ണമെന്‍റിന്‍റെ സമയത്ത് എസി, മൈക്രോ ഓവന്‍, ജലസേചന പമ്പുകള്‍ എന്നിവ പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ രാജ്യത്ത് മുമ്പും പലതവണ ഏര്‍പ്പെടുത്തിയിരുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ലോകകപ്പ് വലിയ ഊര്‍ജ്ജ പ്രതിസന്ധി തന്നെയാണ് കൊണ്ടു വന്നിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
2010 ലെ ഫുട്ബോള്‍ ലോകകപ്പിനിടെ കറണ്ട് പോയത് പ്രമാണിച്ച് ആരാധകര്‍ ഒരു ഡസനോളം വൈദ്യുതി വിതരണ കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. 2000 മെഗാവാട്ട് വൈദ്യുതിയുടെ കുറവുള്ള ഊര്‍ജ്ജ മേഖലയില്‍ നാട്ടുകാരുടെ ഇടപെടല്‍ കൂടിയായാല്‍ സര്‍ക്കാരിന് പരിപാടികള്‍ എളുപ്പം നിറുത്താം. പവര്‍കട്ട് അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ നില്‍ക്കുന്ന ബംഗ്ലാദേശില്‍ ഇതുമൂലമുള്ള സാമ്പത്തികനഷ്ടം വര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ ആണ്. ലോകമെമ്പാടുമുള്ള ടിവി ചാനലുകള്‍ സേവാഗിന്‍റെ പരുക്കും ന്യൂസിലാന്‍ഡ് ടീമിന്‍റെ ഫിസിയോതെറാപിസ്റ്റിന്‍റെ ഭാര്യയുടെ പ്രസവവും ആഘോഷിക്കുന്ന തിരക്കില്‍ ഒരു രാഷ്ട്രം പട്ടിണി കിടന്ന് ക്രിക്കറ്റിന് ആതിഥേയത്വം നല്‍കുന്നത് ബോധപൂര്‍വം കാണാതെ പോകുന്നു.