ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ സ്‌കോറിംഗ് വേഗത്തെ വിമര്‍ശിച്ച ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കെതിരെ ധോണി ആരാധകർ. ധോണിയുടെ മെല്ലെപ്പോക്കിനെതിരെയാണ് സച്ചിന്‍ രംഗത്തെത്തിയത്. അഫ്ഗാനെതിരെ ധോണി 52 പന്തില്‍ 28 റണ്‍സാണെടുത്തത്. ധോണിയും കേദാര്‍ ജാദവും ചേര്‍ന്നുള്ള കൂട്ടുകെട്ട് സ്‌കോറിംഗ് വേഗം കൂട്ടാഞ്ഞതില്‍ തനിക്ക് നിരാശയുണ്ടെന്ന് സച്ചിന്‍ പറഞ്ഞിരുന്നു.
‘ഞാന്‍ നിരാശനാണ്. ഇതിലും മികച്ചതാക്കാമായിരുന്നു. കേദാറും ധോണിയും തമ്മിലുള്ള കൂട്ടുകെട്ടിലും ഞാന്‍ സന്തുഷ്ടനല്ല. അവര്‍ വളരെ സാവധാനമാണ് ബാറ്റ് ചെയ്തത്. 34 ഓവര്‍ കളിച്ചിട്ട് അവര്‍ 119 റണ്‍സാണ് നേടിയത്. പോസിറ്റീവായ ഒന്നും ഉണ്ടായിരുന്നില്ല’ എന്നാണ് സച്ചിന്‍ അഭിപ്രായപ്പെട്ടത്. ടൂര്‍ണമെന്റില്‍ ബാറ്റ് ചെയ്യാന്‍ അധികം അവസരം ലഭിക്കാതിരുന്ന കേദാര്‍ ജാദവ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും സീനിയര്‍ താരമെന്ന നിലയ്ക്ക് ധോണി കുറച്ചുകൂടി ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കണമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞത്.
പരാമര്‍ശത്തിന്റെ പേരില്‍ സച്ചിനെതിരെ തിരിഞ്ഞിരിക്കുകയാണ് ധോണി ആരാധകര്‍. ഇരുവരെയും താരതമ്യം ചെയ്തുകൊണ്ട് ധോണി ആരാധകര്‍ രംഗത്തെത്തി. ധോണിയുടെ ബയോപിക് കാണാന്‍ ആളുണ്ടായിരുന്നു എന്നാല്‍ സച്ചിന്റേത് കാണാന്‍ ആരും ഉണ്ടായിരുന്നില്ല എന്ന തരത്തിലുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു.
91ല്‍ നിന്ന് 100 എത്താല്‍ രണ്ട് ഡസന്‍ ബോള്‍ വേണ്ടയാളാണ് ധോണിയെ കുറ്റം പറയുന്നത് എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. 90കളില്‍ നിന്ന് 100 എത്താനായി സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ ആരെങ്കിലും സഹായിക്കേണ്ട ആളാണ് കുറ്റം പറയുന്നതെന്നാണ് മറ്റൊരു ധോണി ആരാധകന്റെ മറുപടി.