ടി20യിൽ 2024ലെ ഇന്ത്യയുടെ ആദ്യതോൽവി, നാണം കെടുത്തി യുവനിര, ലോകറെക്കോർഡ് ഇന്ത്യയ്ക്ക് നഷ്ടമായത് കൈയകലത്തിൽ

അഭിറാം മനോഹർ
ഞായര്‍, 7 ജൂലൈ 2024 (08:23 IST)
Zimbabwe,India
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതോടെ ഇന്ത്യയ്ക്ക് നഷ്ടമായത് ടി20യിലെ തുടര്‍വിജയങ്ങളുടെ ലോകറെക്കോര്‍ഡ്. 2024ല്‍ ഇതുവരെയും ഒരു ടി20 മത്സരവും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ സംഘം സിംബാബ്വെയ്‌ക്കെതിരെ ഇറങ്ങിയത്. ഇന്നലെ വിജയിക്കാനായിരുന്നുവെങ്കില്‍ ടി20യില്‍ 13 തുടര്‍വിജയങ്ങളെന്ന മലേഷ്യ(2022)യുടെയും ബെര്‍മുഡ(2021-23) റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യയ്ക്കാവുമായിരുന്നു. ഈ അവസരമാണ് ഇന്ത്യയുടെ യുവനിര നിലത്തിട്ടത്.
 
2021-22 സീസണില്‍ ഇന്ത്യ തുടര്‍ച്ചയായി 12 വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്. ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണ് ഇന്ത്യയുടേത്. 2016ല്‍ പൂനെയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ 101 റണ്‍സിന് പുറത്തായിരുന്നു. അതേസമയം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏതെങ്കിലും ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണ് ഇന്നലത്തേത്. 2016ല്‍ നാഗ്പൂരില്‍ ന്യൂസിലന്‍ഡ് 127 റണ്‍സ് പ്രതിരോധിച്ചിരുന്നു.
 
 സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ 116 എന്ന ടോട്ടലില്‍ ചുരുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിലെ ബാറ്റര്‍മാര്‍ക്കൊന്നും തന്നെ തിളങ്ങാനായില്ല. ഇന്ത്യന്‍ നിരയില്‍ 31 റണ്‍സുമായി നായകന്‍ ശുഭ്മാന്‍ ഗില്ലും വാലറ്റത്ത് 27 റണ്‍സുമായി പോരാട്ടം നടത്തിയ വാഷിങ്ങ്ടണ്‍ സുന്ദറും മാത്രമാണ് തിളങ്ങിയത്. 19.5 ഓവറില്‍ 102 റണ്‍സിന് ഇന്ത്യ ഓളൗട്ടാകുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article