ഇന്ത്യൻ ടീമിനെ എത്തിക്കാനായി എയർ ഇന്ത്യ സ്ഥിരം സർവീസുകളിലൊന്ന റദ്ദാക്കിയെന്ന് പരാതി

അഭിറാം മനോഹർ

വ്യാഴം, 4 ജൂലൈ 2024 (17:23 IST)
Team India,Modi
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എത്തിക്കാനായി എയര്‍ ഇന്ത്യ സ്ഥിരം സര്‍വീസുകളിലൊന്ന് റദ്ദാക്കി പ്രത്യേക വിമാനം അയച്ചതില്‍ വിവാദം. ദില്ലിയില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലെത്തിയ വിമാനത്തിന്റെ തിരിച്ചുള്ള സര്‍വീസ് റദ്ദാക്കിയാണ് ടീമിനെ എത്തിക്കാനായി ബാര്‍ബഡോസിലേക്ക് എയര്‍ ഇന്ത്യ പറന്നത്. സര്‍വീസ് റദ്ദാക്കിയതിനെ പറ്റി അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും തുടര്‍ന്ന് മറ്റ് വിമാനങ്ങള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യേണ്ടിവന്നെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. പരാതിയെ തുടര്‍ന്ന് ഡിജിസിഎ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി. അതേസമയം യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കിയിരുന്നതായാണ് എയര്‍ ഇന്ത്യയുടെ മറുപടി.
 
അതേസമയം രാവിലെ ദില്ലിയില്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ ടീം പുലര്‍ച്ചെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മുംബൈയിലേക്ക് തിരിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിരുന്നു. രാവിലെ 6 മണിക്ക് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലായിരുന്നു താരങ്ങളും കുടുംബാഗങ്ങളും ഒഫീഷ്യല്‍സും ബാര്‍ബഡോസില്‍ നിന്നും ദില്ലിയില്‍ എത്തിച്ചേര്‍ന്നത്.  രാവിലെ പത്തരയോടെയാണ് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കിയത്.  ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാനായി പുലര്‍ച്ചെ മുതല്‍ തന്നെ ദില്ലി വിമാനത്താവളത്തിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍