ഐപിഎല്‍ 2024 സീസണില്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പ്ലേ ഓഫിനടുപ്പിച്ച് നിറം മങ്ങുന്ന പ്രകടനമായിരുന്നു സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്. ക്യാപ്റ്റനായും ബാറ്ററായും കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ നടത്തിയ പ്രകടനമായിരുന്നു രാജസ്ഥാന്റെ ടൂര്‍ണമെന്റിലെ മുന്നേറ്റത്തിനും കാരണമായത്. ഐപിഎല്ലിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും സഞ്ജുവിന് ലോകകപ്പ് മത്സരങ്ങളിലൊന്നും കളിക്കാന്‍ സാധിച്ചിരുന്നില്ല.
ബാര്‍ബഡോസില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെ ലോകകപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന സിംബാബ്വെന്‍ പര്യടനത്തിലെ ആദ്യ മത്സരങ്ങളും സഞ്ജുവിന് നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ പറ്റി മനസ് തുറന്നിരിക്കുകയാണ് രാജസ്ഥാനിലെ സഹതാരമായ റിയാന്‍ പരാഗ്. കഴിഞ്ഞ ഐപിഎല്‍ സീസണോടെയാണ് താന്‍ സഞ്ജുവുമായി കൂടുതല്‍ അടുത്തതെന്നും ഇന്ത്യയില്‍ നിലവിലുള്ള ബാറ്റര്‍മാരില്‍ മികച്ചവരില്‍ ഒരാളാണ് സഞ്ജുവെന്നും പരാഗ് പറയുന്നു. നിലവില്‍ സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് പരാഗ്.
സഞ്ജു ഭയ്യ ഇപ്പോഴുള്ള മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. പലപ്പോഴും സഞ്ജു വിക്കറ്റിന് പിന്നില്‍ നടത്തുന്ന പ്രകടനങ്ങള്‍ അത്രകണ്ട് പ്രശംസിക്കപ്പെടാറില്ല. മത്സരത്തില്‍ തന്റെ വികാരങ്ങള്‍ നിയന്ത്രിച്ചുകൊണ്ട് മറ്റുള്ളവരുമായി സംവദിക്കാനുള്ള കഴിവാണ് സഞ്ജുവിനെ മികച്ച നായകനാക്കുന്നത്.കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് സഞ്ജു ഭയ്യയുമായി കൂടുതല്‍ അടുക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ സഞ്ജുവില്‍ നിന്നും ഏറെ വിലപ്പെട്ട ഉപദേശങ്ങള്‍ ലഭിച്ചെന്നും പരാഗ് വ്യക്തമാക്കി.