രോഹിത്തിനുള്ള മുന്നറിയിപ്പോ?, ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ബാക്കപ്പ് ഓപ്പണറായി ജയ്സ്വാൾ എത്തിയേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ചൊവ്വ, 7 ജനുവരി 2025 (16:46 IST)
ഇന്ത്യയുടെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവരാണ് ടീമിന്റെ ഓപ്പണിംഗ് ബാറ്റര്‍മാര്‍. ഇതോടെ ബാക്കപ്പ് ഓപ്പണറായിട്ടായിരിക്കും ജയ്‌സ്വാള്‍ ടീമിലെത്തുക. ടി20 - ടെസ്റ്റ് ഫോര്‍മാറ്റില്‍ ജയ്‌സ്വാള്‍ സ്ഥിരമാണെങ്കിലും ഇതുവരെ ഏകദിനത്തില്‍  കളിച്ചിട്ടില്ല. ഇതോടെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ ജയ്‌സ്വാള്‍ കളിച്ചേക്കും.
 
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മറ്റുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോഴും 10 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 391 റണ്‍സ് ജയ്‌സ്വാള്‍ അടിച്ചെടുത്തിരുന്നു. നായകനാണെങ്കിലും രോഹിത് ശര്‍മ മോശം ഫോമിലാണ് എന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ശുഭ്മാന്‍ ഗില്ലും ഓസ്‌ട്രേലിയക്കെതിരെ പരാജയമായ സാഹചര്യത്തിലാണ് ജയ്‌സ്വാളിനെ ബാക്കപ്പ് ഓപ്പണറാക്കി ടീം പരിഗണിക്കുന്നത്. സീനിയര്‍ താരങ്ങളെല്ലാം കളിക്കുന്ന പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചേക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article