WTC Final 3rd Day: 'ഒന്നും കഴിഞ്ഞിട്ടില്ല'; വേണമെങ്കില്‍ ഇന്ത്യക്ക് ഓവലില്‍ ചരിത്രം കുറിക്കാം, ഇന്നത്തെ ആദ്യ സെഷന്‍ നിര്‍ണായകം

ശനി, 10 ജൂണ്‍ 2023 (08:26 IST)
WTC Final 3rd Day: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. ഒന്നാം ഇന്നിങ്‌സില്‍ 173 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടിയിട്ടുണ്ട്. മര്‍നസ് ലബുഷാനെ (118 പന്തില്‍ 41), കാമറൂണ്‍ ഗ്രീന്‍ (27 പന്തില്‍ ഏഴ്) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. 
 
ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെല്ലാം പുറത്തായി. നാലാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ വീഴ്ത്താനാകും ഇന്ത്യ ശ്രമിക്കുക. നിലവില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് ലീഡ് 296 റണ്‍സാണ്. ഇത് 400 കടക്കാതെ നോക്കുകയാണ് ഇന്ത്യയുടെ വെല്ലുവിളി. ആദ്യ സെഷനില്‍ തന്നെ ഓസീസ് ഓള്‍ഔട്ട് ആകുകയാണെങ്കില്‍ അവസാന ദിവസം അടക്കം അഞ്ച് സെഷനുകള്‍ ഇന്ത്യക്ക് മുന്നിലുണ്ട്. 400 റണ്‍സ് ചേസ് ചെയ്തു വിജയിച്ചാല്‍ ഇന്ത്യക്ക് ഓവലില്‍ ചരിത്രം കുറിക്കാം. 
 
ഒന്നാം ഇന്നിങ്‌സിലെ നിര്‍ജീവമായ അവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ ക്യാംപ് മാറിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെ കൃത്യതയോടെയാണ് പന്തെറിയുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും ഇന്ത്യക്ക് സാധിക്കുന്നു. ഇപ്പോള്‍ ക്രീസിലുള്ള ലബുഷാനെ, ഗ്രീന്‍ എന്നിവരുടെ വിക്കറ്റുകളും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ വിക്കറ്റുമാണ് ഇനി നിര്‍ണായകം. ഗാബ ടെസ്റ്റിലെ പോലെ ഐതിഹാസിക വിജയം ഇന്ത്യ സ്വന്തമാക്കുമോ എന്ന് ആകാംക്ഷയോട കാത്തിരിക്കുകയാണ് ആരാധകരും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍