ഓപ്പണറായി കോലി, കീപ്പിംഗില്‍ ഫസ്റ്റ് ഓപ്ഷന്‍ പന്ത്!, ഹാര്‍ദ്ദിക്കിന്റെ കാര്യം പരുങ്ങലില്‍: ടി20 ലോകകപ്പിനുള്ള സെലക്ഷനില്‍ തലപുകച്ച് ബിസിസിഐ

അഭിറാം മനോഹർ
വ്യാഴം, 18 ഏപ്രില്‍ 2024 (19:18 IST)
ഐപിഎല്‍ മത്സരം പുരോഗമിക്കുമ്പോള്‍ ലോകകപ്പ് ടീം സെലക്ഷനെ പറ്റി തലപുകയ്ക്കുകയാണ് ബിസിസിഐ. രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയും ടി20യില്‍ മടങ്ങിയെത്തിയതോടെ യശ്വസി ജയ്‌സ്വാള്‍,ശുഭ്മാന്‍ ഗില്‍ തുടങ്ങി പല താരങ്ങളുടെയും ടീമിലെ സ്ഥാനം പരുങ്ങലിലാണ്. കോലിയുടെ സ്ട്രൈക്ക് റേറ്റിനെ പറ്റി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഓപ്പണിങ്ങിലേക്കാണ് താരത്തെ ലോകകപ്പില്‍ പരിഗണിക്കുന്നത്. സീനിയര്‍ താരങ്ങളായ രോഹിത്തും കോലിയും ഓപ്പണിംഗിലെത്തുന്നതോടെ യശ്വസി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരില്‍ ഒരാള്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകും.
 
നിലവില്‍ ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന യശ്വസി ജയ്‌സ്വാളിനാകും അങ്ങനെയെങ്കില്‍ സ്ഥാനം നഷ്ടമാകാന്‍ സാധ്യതയേറെയും. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ക്ക് പകരം റിയാന്‍ പരാഗിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയേറെയാണ്. ഐപിഎല്ലിലെ സ്ഥിരതയുള്ള പ്രകടനങ്ങളാണ് പരാഗിനെ തുണയ്ക്കുന്നത്. അതേസമയം വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി റിഷഭ് പന്തിനെ തന്നെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ താരം ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലും നടക്കുന്ന ലോകകപ്പില്‍ ബാക്കപ്പ് കീപ്പറായി സഞ്ജു സാംസണ്‍ ഇടം പിടിച്ചേക്കും.
 
സഞ്ജു ടീമിലെത്തുകയാണെങ്കില്‍ മൂന്നാം നമ്പര്‍ പൊസിഷനിലോ ഫിനിഷിംഗ് റോളിലോ ആകും കളിക്കാനായി ഇറങ്ങുക. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഓള്‍ റൗണ്ടറായാണ് ടീം പരിഗണിക്കുന്നത് എന്നതിനാല്‍ തന്നെ ഐപിഎല്ലില്‍ മികവ് തെളിയിച്ചെങ്കില്‍ മാത്രമെ ഹാര്‍ദ്ദിക് ടീമിലെത്തുകയുള്ളൂ. നിലവില്‍ ബാറ്റിംഗിലും ബൗളിംഗിലും ശരാശരി പ്രകടനമാണ് താരം നടത്തുന്നത്. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജ,കുല്‍ദീപ് യാദവ് എന്നിവരെയാണ് ടീം പരിഗണിക്കുന്നത്. ഹാര്‍ദ്ദിക് ഇല്ലെങ്കില്‍ ഓള്‍ റൗണ്ടറായി ശിവം ദുബെ ടീമിലെത്തിയേക്കും. ജസ്പ്രീത് ബുമ്ര,ആര്‍ഷദീപ് സിംഗ്,മുഹമ്മദ് സിറാജ് എന്നിവരാകും ടീമിലെ പേസര്‍മാര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article