Sanju Samson: ജയിച്ചതൊക്കെ ശരി തന്നെ, പക്ഷേ അശ്വിനെ വെച്ചുള്ള ചൂതാട്ടം മണ്ടത്തരം; സഞ്ജുവിനോട് രാജസ്ഥാന്‍ ആരാധകര്‍

രേണുക വേണു

ബുധന്‍, 17 ഏപ്രില്‍ 2024 (15:59 IST)
Sanju Samson: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ജയിച്ചെങ്കിലും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ് ആരാധകരുടെ വിമര്‍ശനം. രവിചന്ദ്രന്‍ അശ്വിനെ ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് കയറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 190 ന് പുറത്തുള്ള വലിയ സ്‌കോര്‍ ചേസ് ചെയ്യുമ്പോള്‍ ഒരിക്കലും ഇങ്ങനെയൊരു മണ്ടത്തരം ചെയ്യരുതെന്നാണ് ആരാധകരുടെ പക്ഷം. നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ കുമാര്‍ സംഗക്കാരയും ബാറ്റിങ് ഓര്‍ഡറില്‍ നടത്തുന്ന പല പരീക്ഷണങ്ങളും ടീമിന് തിരിച്ചടിയാകുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 
 
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഒന്‍പതാം ഓവറിലാണ് അശ്വിന്‍ ക്രീസിലെത്തുന്നത്. ഹാര്‍ഡ് ഹിറ്റര്‍മാരായ ഷിമ്രോണ്‍ ഹെറ്റ്മയറിനും റോവ്മന്‍ പവലിനും മുന്‍പ് ആറാമനായാണ് അശ്വിന്‍ ബാറ്റ് ചെയ്യാനെത്തിയത്. ഒന്‍പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടിയിരുന്നു. 66 ബോളില്‍ 113 റണ്‍സ് കൂടി വേണമായിരുന്നു രാജസ്ഥാന് അപ്പോള്‍ ജയിക്കാന്‍. ജയിക്കാന്‍ ആവശ്യമായ റണ്‍സും ബോളും തമ്മിലുള്ള വ്യത്യാസം 47 ആയിരുന്നു. 
 
11 പന്തില്‍ എട്ട് റണ്‍സെടുത്താണ് അശ്വിന്‍ പുറത്തായത്. നേടിയത് ഒരു ബൗണ്ടറി മാത്രം. അശ്വിന്‍ പുറത്തായ സമയത്ത് രാജസ്ഥാന് വേണ്ടിയിരുന്നത് 47 പന്തില്‍ 103 റണ്‍സ്. അപ്പോഴേക്കും ജയിക്കാന്‍ ആവശ്യമായ റണ്‍സും ബോളും തമ്മിലുള്ള 54 ആയി ഉയര്‍ന്നു. വലിയ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ അശ്വിനെ വിക്കറ്റ് സംരക്ഷിക്കാനായി ഇറക്കുന്നത് ബോളുകള്‍ പാഴാകാന്‍ കാരണമാകുമെന്നും അതുകൊണ്ട് അശ്വിനെ വെച്ചുള്ള ചൂതാട്ടം അവസാനിപ്പിക്കണമെന്നുമാണ് ആരാധകര്‍ക്ക് സഞ്ജുവിനോട് പറയാനുള്ളത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍