ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍ താരം, കളിപ്പിച്ചിട്ടില്ലെന്ന് കോഹ്‌ലി; ഇന്ത്യന്‍ പേസറുടെ കാര്യത്തില്‍ കടുത്ത തീരുമാനം

മെര്‍ലിന്‍ സാമുവല്‍
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (14:45 IST)
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പര സമനിലയില്‍ കലാശിച്ചത് വിരാട് കോഹ്‌ലിയെ ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടാമതു ബാറ്റ് ചെയ്യുന്നവർക്ക് ജയസാധ്യതയുള്ള ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനുള്ള ഇന്ത്യ നായകന്റെ തീരുമാനം വരുന്ന ട്വന്റി-20 ലോകകപ്പ് മുന്‍ നിര്‍ത്തിയുള്ളതായിരുന്നു.

ട്വന്റി-20 ലോകകപ്പില്‍ മികച്ച ടീമിനെ കെട്ടുപ്പെടുക്കേണ്ടതുണ്ടെന്നും അതിനായി പരീക്ഷണങ്ങള്‍ ആവശ്യമാണെന്നും വെല്ലുവിളി ഏറ്റെടുക്കാനുള്ള മത്സരമായിരുന്നു കഴിഞ്ഞതെന്നുമാണ് കോഹ്‌ലി അഭിപ്രായപ്പെട്ടത്. ഇതിനിടെ ലോകത്തിലെ ഏറ്റവും മികച്ച ബോളറായ ജസ്‌പ്രിത് ബുമ്രയെ ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് തോല്‍‌വിക്ക് കാരണമെന്ന വിമര്‍ശനവും ശക്തമായി.

ഈ ആരോപണത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കോഹ്‌ലിയിപ്പോള്‍. താരങ്ങളുടെ വര്‍ക്ക് ലോഡ് തിരിച്ചറിഞ്ഞ് മാനേ‌ജ്‌മെന്റ് പ്രവര്‍ത്തിക്കുകയാണ്. വിശ്രമം നല്‍കി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്ന രീതിയാണ് പിന്തുടരുന്നത്. അതുകൊണ്ടാണ് ലോകകപ്പിന് ശേഷം പരിമിത ഓവറുകളില്‍ ബുമ്രയെ കാണാന്‍ സാധിക്കാത്തത്. ഈ രീതി തുടരുക തന്നെ ചെയ്യും.

ലോക ടെസ്‌റ്റ് ചാമ്പ്യന്‍‌ഷിപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരം ബുമ്രയാണ്. ഒരു സ്‌പെല്ലില്‍ തന്നെ മത്സരം മാറ്റിമറിക്കാന്‍ കഴിവുള്ള അദ്ദേഹം എത്രത്തോളം മികച്ച ബോളറാണെന്ന് നമുക്കറിയാം. അതിനാല്‍ വിശ്രമം അത്യാവശ്യമാണ്. മറ്റു താരങ്ങള്‍ക്കും ഇത്തരത്തില്‍ വിശ്രമം നല്‍കുന്നുണ്ടെന്നും വിരാട് പറഞ്ഞു.

അതേസമയം, ഇന്ത്യയില്‍ നടക്കുന്ന ടെസ്‌റ്റ് മത്സരങ്ങളില്‍ ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ അഭിപ്രായപ്പെട്ടു.

“ബുമ്രയുടെ പ്രതിഭ ഇന്ത്യയിലെ പേസിനെ തുണയ്‌ക്കാത്ത പിച്ചുകളില്‍ എറിഞ്ഞ് നശിപ്പിക്കരുത്. നമുക്ക് ഇവിടെ സ്‌പിന്‍ ബോളര്‍മാരുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി വളരെ ദൈര്‍ഘ്യമേറിയ സീസണ്‍ നമുക്ക് കളിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ബുമ്രയുടെ സാന്നിധ്യം ടീം ഇന്ത്യക്ക് അനിവാര്യമാണെന്നും ചേതന്‍ ശര്‍മ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article