ധോണിയുടെ ‘യാത്ര’ അവസാനിച്ചു? അവധി നീട്ടിയത് ആരുടെ ആവശ്യപ്രകാരം?

എസ് ഹർഷ

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (11:16 IST)
ഇന്ത്യൻ ടീമിന്റെ അതികായൻ എം എസ് ധോണിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒപ്പം അദ്ദേഹം വിരമിക്കാൻ കാത്തിരിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം നവംബര്‍ വരെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നേക്കും. ധോണിയുടെ കാര്യത്തിൽ വൻ ആശയക്കുഴപ്പമാണ് ടീമിനുള്ളിലുള്ളത്. 
 
ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. രണ്ട് മാസത്തെ അവധി ആവശ്യപ്പെട്ട് ടീമിൽ നിന്നും അദ്ദേഹം വിട്ട് നിൽക്കുകയായിരുന്നു. ഈ അവധിയാണ് അദ്ദേഹം നവംബർ വരെ നീട്ടിയിരിക്കുന്നത്. 
 
അവധി നീട്ടുന്നതോടെ വിജയ് ഹസാരെ ട്രോഫിയിലും പിന്നാലെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20യിലും ധോണിയെ കാണില്ല. നവംബറിന് ശേഷം തിരിച്ചെത്താന്‍ തീരുമാനിച്ചാല്‍ ഡിസംബറില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയുണ്ടാവും. 
 
വിന്‍ഡീസ് പരമ്പരയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പരയും ധോണിക്ക് പകരം  ഋഷഭ് പന്തായിരുന്നു ക്രീസിലിറങ്ങിയത്. എന്നാല്‍ മോശം ഫോമില്‍ കളിക്കുന്ന പന്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സമയമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍