ഹെറ്റ്മെയർ തകർത്തടിച്ചു,ചെപ്പോക്ക് ഏകദിനത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി

അഭിറാം മനോഹർ
തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (10:33 IST)
ഇന്ത്യാ-വിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റിന്റെ വമ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം ഹെറ്റ്മെയറിന്റെയും ഷായ് ഹോപ്പിന്റെയും സെഞ്ച്വറികളുടെ ബലത്തിൽ 47.5 ഓവറിലാണ് വിൻഡീസ് മറികടന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് (1-0)ന് മുന്നിലെത്തി. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പ്രതീക്ഷക്കൊത്ത തുടക്കമല്ല മത്സരത്തിൽ ലഭിച്ചത്. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാരായ വിരാട് കോലി,രോഹിത്ത് ശർമ്മ എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. അയ്യർ 88 പന്തിൽ 70 റൺസും പന്ത് 69 പന്തിൽ 71 റൺസും നേടി. ഇരുവരും ചേർന്ന് 114 റൺസാണ് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
 
എന്നാൽ ഇന്ത്യ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് തന്ത്രപൂർവമായ ചേസിങ്ങാണ് നടത്തിയത്. സ്കോർ വെറും 11 റൺസിൽ നിൽക്കെ ഓപ്പണിങ് താരമായ സുനിൽ ആംബ്രിസിനെ നഷ്ടപ്പെട്ടെങ്കിലും ഹെറ്റ്മെയറും ഷെയി ഹോപ്സും ചേർന്ന് രണ്ടാം വിക്കറ്റിൽ 218 റൺസ് കൂട്ടിച്ചേർത്ത് വിജയത്തിന് അടിത്തറയിട്ടു. ആറാം ഓവറിൽ മുഹമ്മദ് ഷമിയെ ബൗണ്ടറിയടിച്ച് തുടങ്ങിയ ഹെറ്റ്മെയർ കനത്ത നാശമാണ് ഇന്ത്യൻ ബൗളിങ്ങിന് മേൽ നടത്തിയത്. സ്പിന്നർമാരെയും പേസർമാരെയും ഒരേ ലാഘവത്തോടെ കളിച്ച  ഹെറ്റ്മെയർ106 പന്തിൽ 11 ബൗണ്ടറികളും 7 സിക്സറുകളും അടക്കം 139 റൺസാണ് മത്സരത്തിൽ സ്വന്തമാക്കിയത്. ഒരറ്റത്ത് ഹെറ്റ്മെയർ കനത്ത നാശം വരുത്തിയപ്പോൾ മറുവശത്ത് ജാഗ്രതോടെയുള്ള ബാറ്റിങ്ങാണ് ഹോപ് കാഴ്ചവെച്ചത്. ഹോപ്പ് 151 പന്തിൽ നിന്നും 102 റൺസ് നേടി പുറത്താകാതെ നിന്നു.  
 
ഇന്ത്യൻ ബൗളർമാരിൽ 48 റൺസിന് ഒരു വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് മത്സരത്തിൽ മികച്ചു നിന്നത്. വിൻഡീസിനായി ഷെൽഡ്രൺ കോട്രലും കീമോ പോളും അൽസാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article