Virat Kohli: സോഷ്യല്‍ മീഡിയയില്‍ വൈറലായി വിരാട് കോലിയുടെ സെഞ്ചുറി സെലിബ്രേഷന്‍. ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 61 ബോളില്‍ നിന്നാണ് കോലി 122 റണ്‍സ് നേടി പുറത്താകാതെ നിന്നത്. കോലിയുടെ ക്രിക്കറ്റ് കരിയറിലെ 71-ാം സെഞ്ചുറിയും ട്വന്റി 20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ചുറിയുമാണ് ഇന്നലെ പിറന്നത്.
വലിയ ആവേശത്തോടെയാണ് സെഞ്ചുറി നേടിയ ശേഷം കോലി ആഹ്ലാദപ്രകടനം നടത്തിയത്. കോലിയുടെ മുഖത്തെ ചിരി തന്നെയാണ് അതില്‍ ശ്രദ്ധാകേന്ദ്രം. സെഞ്ചുറി നേടിയ ഉടനെ തന്റെ കഴുത്തില്‍ കിടക്കുന്ന മാലയില്‍ കോലി ചുംബിച്ചു. ഇതിനു പിന്നില്‍ ഒരു രഹസ്യമുണ്ട് !
വിവാഹനിശ്ചയ ദിവസം ജീവിതപങ്കാളി അനുഷ്‌ക ശര്‍മ തന്റെ വിരലില്‍ അണിയിച്ച മോതിരം കഴുത്തിലെ മാലയില്‍ കോര്‍ത്തിട്ടിരിക്കുകയാണ് കോലി. ഈ മോതിരത്തിലാണ് കോലി ചുംബിച്ചത്. വിരലില്‍ മോതിരം ഇടുമ്പോള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായതിനാലാണ് കോലി മോതിരം മാലയില്‍ കോര്‍ത്തിട്ടിരിക്കുന്നത്. ഈ സെഞ്ചുറി അനുഷ്‌കയ്ക്കുള്ളതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കോലിയുടെ ആഹ്ലാദപ്രകടനം.
ഈ സെഞ്ചുറി അനുഷ്‌കയ്ക്കുള്ളതാണെന്നും മോശം സമയത്ത് തനിക്കൊപ്പം ചേര്‍ന്നു നിന്നത് അനുഷ്‌കയാണെന്നും ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞ ശേഷം കോലി പ്രതികരിച്ചു.
' ഞാന്‍ എന്റെ മോതിരത്തില്‍ ചുംബിച്ചു. ഞാന്‍ ഇപ്പോള്‍ ഇങ്ങനെ നില്‍ക്കുന്നത് ഒരാള്‍ കാരണമാണ്. അത് അനുഷ്‌കയാണ്. ഈ സെഞ്ചുറി അവള്‍ക്കും ഞങ്ങളുടെ മകള്‍ വാമികയ്ക്കും ഉള്ളതാണ്,' കോലി പറഞ്ഞു.