ട്വന്റി 20 ലോകകപ്പ്: ഞെട്ടിക്കുന്ന തീരുമാനങ്ങളുമായി സെലക്ടര്‍മാര്‍, ഈ വമ്പന്‍മാര്‍ ടീമില്‍ ഇടംപിടിക്കില്ലെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (10:55 IST)
ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ വമ്പന്‍ താരങ്ങളെ ഒഴിവാക്കി ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിക്കാന്‍ ഇന്ത്യ. ബിസിസിഐ നേതൃത്വവും സെലക്ടര്‍മാരും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നു. ഏതാനും വമ്പന്‍ താരങ്ങളെ ഒഴിവാക്കി ട്വന്റി 20 സ്‌ക്വാഡ് പ്രഖ്യാപിക്കാനാണ് സാധ്യത. നിലവില്‍ സ്ഥിരം താരങ്ങളായ ഏതാനും പേരുടെ പ്രകടനത്തെ സെലക്ടര്‍മാര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇവരെ ഒഴിവാക്കി സ്‌ക്വാഡ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് ബിസിസിഐയുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
1. റിഷഭ് പന്ത്
 
ഏഷ്യാ കപ്പില്‍ പൂര്‍ണമായി പരാജയപ്പെട്ട റിഷഭ് പന്തിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കില്ല. മധ്യനിരയില്‍ വേണ്ട രീതിയില്‍ തിളങ്ങാന്‍ പന്തിന് സാധിക്കുന്നില്ല. പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെയാണ് മധ്യനിരയിലേക്ക് പരിഗണിക്കുന്നത്. 
 
2. കെ.എല്‍.രാഹുല്‍ 
 
പരുക്കില്‍ നിന്ന് മുക്തനായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കെ.എല്‍.രാഹുല്‍ ഏഷ്യാ കപ്പില്‍ റണ്‍സ് കണ്ടെത്താന്‍ കഷ്ടപ്പെടുകയായിരുന്നു. രാഹുലിന്റെ ഇപ്പോഴത്തെ ഫോമില്‍ സെലക്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ട്. രാഹുലിനെ ബാക്കപ്പ് പ്ലെയര്‍ ആയി പരിഗണിച്ച് സ്‌ക്വാഡ് പ്രഖ്യാപിക്കാനാണ് ആലോചന. 
 
3. രവിചന്ദ്രന്‍ അശ്വിന്‍ 
 
സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ല. അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരെയാണ് അശ്വിനേക്കാള്‍ പ്രാധാന്യത്തോടെ പരിഗണിക്കുന്നത്. 
 
4. ദീപക് ഹൂഡ 
 
മധ്യനിരയില്‍ ദീപക് ഹൂഡയെ പരീക്ഷിക്കാന്‍ നേരത്തെ ഇന്ത്യ തീരുമാനിച്ചിരുന്നെങ്കിലും ഏഷ്യാ കപ്പിലെ ദയനീയ പ്രകടനം ഹൂഡയുടെ ഭാവിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഹൂഡയ്ക്ക് പകരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കും. 
 
5. ആവേശ് ഖാന്‍ 
 
ആവേശ് ഖാനെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. മൊഹ്‌സിന്‍ ഖാന്‍, ദീപക് ചഹര്‍ എന്നിവരെയാണ് കൂടുതല്‍ പരിഗണിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍