സീനിയർ താരങ്ങൾ സമ്മർദ്ദത്തിലേക്ക് വീഴുന്നത് മറ്റ് കളിക്കാരെയും ബാധിക്കുന്നു, ഇന്ത്യൻ പരാജയത്തിന് കാരണം കോലിയും രോഹിത്തും

വ്യാഴം, 8 സെപ്‌റ്റംബര്‍ 2022 (11:23 IST)
ഏഷ്യാക്കപ്പിൽ കാര്യമായ വെല്ലുവിളികളില്ലാതെ ഇന്ത്യ കിരീടം വിജയിക്കുമെന്നാണ് ക്രിക്കറ്റ് ലോകം കണക്കാക്കിയിരുന്നത്. എന്നാൽ സൂപ്പർ ഫോറിൽ പാകിസ്ഥാനോടും ശ്രീലങ്കയോടും പരാജയം ഏറ്റുവാങ്ങികൊണ്ട് പുറത്തായിരിക്കുകയാണ് ഇന്ത്യൻ ടീം. വലിയ പ്രതീക്ഷകളുമായി വന്ന ടീം തുടക്കത്തിൽ തന്നെ എന്തുകൊണ്ട് പുറത്തായി എന്നതിന് കാരണം ചൂണ്ടികാട്ടിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ നായകനായ ഇൻസമാം ഉൾ ഹഖ്.
 
ഇന്ത്യയുടെ ശരിയായ പ്രശ്നം ടീം സമ്മർദ്ദത്തിൽ പെട്ടിരിക്കുന്നത് കൊണ്ടാണെന്നാണ് ഇൻസമാം പറയുന്നത്. ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ശരീരഭാഷയിൽ നിന്നും ഈ സമ്മർദ്ദം വ്യക്തമാണെന്നും ഇൻസമാം പറഞ്ഞു. കോലിയെ പോലൊരു താരം സമ്മർദ്ദത്തിൽ പെടുന്നത് കണ്ട് താൻ അത്ഭുതപ്പെട്ടെന്നും താരം പറയുന്നു.
 
മത്സരത്തിൽ കെ എൽ രാഹുൽ പുറത്തായപ്പോഴുള്ള രോഹിത് ശർമയുടെ മുഖഭാവം നോക്കുക. ഇതിലൂടെ നമ്മൾ സമ്മർദ്ദത്തിലാണെന്നാണ് രോഹിത് ഡ്രസിങ് റൂമിലെ താരങ്ങളോട് പറയുന്നത്.സീനിയർ താരങ്ങൾ ഇത്തരത്തിൽ സമ്മർദ്ദത്തിൽ പെടുന്നതാണ് ജൂനിയർ താരങ്ങളെയും സമ്മർദ്ദത്തിലാക്കുന്നത്. ഇൻസമാം പറഞ്ഞു.
 
മത്സരത്തിൽ നാല് ഡോട്ട് ബോളുകൾ കളിച്ച് അനാവശ്യമായ ഷോട്ടിന് ശ്രമിച്ചാണ് കോലി പുറത്താകുന്നത്. കെ എല്‍ രാഹുലും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മോശം ഷോട്ട് കളിച്ച് മടങ്ങിയതെന്ന് പറയാം. സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാതിരിക്കുന്നത് യുവതാരങ്ങളെയും സമ്മർദ്ദത്തിലാക്കുന്നു.പോസിറ്റീവ് മനോഭാവത്തോടെ കളിച്ചാലെ പോസിറ്റീവ് ഫലവും ലഭിക്കു. ഇൻസമാം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍