പന്തിനെ ടീമിലെടുക്കാന്‍ രോഹിത്തിന്റെ നിര്‍ബന്ധം, രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പര്‍; സഞ്ജുവിനെ തഴഞ്ഞതില്‍ വിചിത്ര ന്യായീകരണവുമായി അഗാര്‍ക്കര്‍

രേണുക വേണു
തിങ്കള്‍, 22 ജൂലൈ 2024 (12:17 IST)
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതില്‍ വിചിത്ര ന്യായീകരണവുമായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. നിരവധി ടെസ്റ്റ് മത്സരങ്ങള്‍ വരാനിരിക്കെ റിഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിങ് മികവ് പരിശോധിക്കാന്‍ മറ്റു ഫോര്‍മാറ്റുകളില്‍ ഉള്‍പ്പെടുത്തുകയല്ലാതെ വേറെ വഴിയില്ലെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' പത്ത് ടെസ്റ്റ് മത്സരങ്ങള്‍ വരാനിരിക്കുന്നു. അതിലെല്ലാം പന്ത് കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പന്തിന്റെ കീപ്പിങ് മികവ് പരിശോധിക്കാന്‍ വേറെ വഴികള്‍ ഇല്ലാത്തതിനാല്‍ സഞ്ജു പുറത്തിരിക്കേണ്ടി വരും. പന്തും രാഹുലും റണ്‍സ് കണ്ടെത്തേണ്ടിയിരിക്കുന്നു, കാരണം മികവുള്ള വേറെ താരങ്ങള്‍ അവസരം കാത്ത് പുറത്തുണ്ട്,' അഗാര്‍ക്കര്‍ പറഞ്ഞു. 
 
ഏകദിനത്തിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായി കെ.എല്‍.രാഹുലിനെയാണ് തങ്ങള്‍ പരിഗണിക്കുന്നതെന്ന സൂചനയും അഗാര്‍ക്കര്‍ നല്‍കി. ' കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച രീതിയില്‍ ഏകദിനങ്ങള്‍ കളിക്കുന്ന താരമാണ് രാഹുല്‍. അദ്ദേഹം ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. പന്ത് ടീമില്‍ എത്തിയത് രോഹിത് ശര്‍മയുടെ നിര്‍ബന്ധത്താല്‍ മാത്രമാണ്,' അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article