ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ തന്നെ വേണം; ധോണിക്ക് പകരക്കാരനായി പന്തിനെ റാഞ്ചാന്‍ ചെന്നൈ !

രേണുക വേണു

ശനി, 20 ജൂലൈ 2024 (13:10 IST)
Rishabh Pant and MS Dhoni

ഐപിഎല്‍ മെഗാ താരലേലത്തിനു മുന്നോടിയായി വിവിധ ഫ്രാഞ്ചൈസികളില്‍ വന്‍ നീക്കങ്ങളാണ് നടക്കുന്നത്. പല പ്രമുഖ താരങ്ങളും ഇത്തവണ പുതിയ ഫ്രാഞ്ചൈസിയിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിലൊന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയേക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. 
 
മഹേന്ദ്രസിങ് ധോണിക്ക് പകരക്കാരനായാണ് ചെന്നൈ പന്തിനെ റാഞ്ചാന്‍ നോക്കുന്നത്. മെഗാ താരലേലത്തിനു മുന്നോടിയായി ഡല്‍ഹി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളില്‍ റിഷഭ് പന്ത് ഉണ്ടായേക്കില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് താരം പുതിയ ഫ്രാഞ്ചൈസിയിലേക്ക് കണ്ണുവെച്ചിരിക്കുന്നത്. പന്തിനെ കൊണ്ടുവരികയാണെങ്കില്‍ ധോണിയെ പോലെ വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉപയോഗിക്കാമെന്നാണ് ചെന്നൈ ഫ്രാഞ്ചൈസിയുടെ കണക്കുകൂട്ടല്‍. നിലവില്‍ ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈയുടെ നായകന്‍. പന്ത് എത്തുകയാണെങ്കില്‍ ഗെയ്ക്വാദിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകും. 
 
ഐപിഎല്ലില്‍ 111 മത്സരങ്ങളില്‍ നിന്നായി 148.93 സ്‌ട്രൈക് റേറ്റില്‍ 3284 റണ്‍സാണ് പന്ത് നേടിയിരിക്കുന്നത്. 2018 ല്‍ 14 കളികളില്‍ നിന്ന് 684 റണ്‍സ് നേടിയതാണ് പന്തിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍