കോലി എന്തിന് ശാന്തനാകണം, രാജ്യത്തിനാവശ്യം ഇതുപോലുള്ള ക്യാപ്‌റ്റനെയെന്ന് മദൻ ലാൽ

അഭിറാം മനോഹർ
ബുധന്‍, 18 മാര്‍ച്ച് 2020 (10:20 IST)
കളിക്കളത്തിൽ അക്രമണോത്സുകതയും വാശിയും മുഖമുദ്രയാക്കിയ വിരാട് കോലിയെ പോലെയുള്ള ഒരു ക്യാപ്‌റ്റനെ തന്നെയാണ് ഇന്ത്യൻ ടീമിനാവശ്യമെന്ന് മുൻ ഇന്ത്യൻ താരവും ബിസിസിഐ ഉപദേശക സമിതി അധ്യക്ഷനുമായ മദൻലാൽ. കോലിയുടെ അക്രമണോത്സുകത അനാവശ്യമായതാണെന്നും കോലി ശാന്താനാകണമെന്നുമുള്ള വാദങ്ങളിൽ കാര്യമില്ലെന്നും മദൻലാൽ പറഞ്ഞു.
 
അടുത്തിടെ നടന്ന ന്യൂസീലൻഡ് പര്യടനത്തിൽ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പുറത്തായി മടങ്ങിയ കിവീസ് ക്യാപ്‌റ്റനെതിരെ മോശമായ രീതിയിലാണ് കോലി പ്രതികരിച്ചത്.ഇത് വളരെയധികം വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മദൻലാലിന്റെ പ്രതികരണം. കോലി ശാന്തനാകണമെന്ന് എന്തുകൊണ്ടാണ് ഇന്ത്യൻ ആരാധകരിൽ ഒരുവിഭാഗം തുടർച്ചയായി ആവശ്യപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാവരും കോലിയെ പോലെ വാശിയുള്ള ഒരു നായകനെയാണ് ആഗ്രഹിക്കുന്നത്.ഒരു വിഭാഗം ആരാധകർ അദ്ദേഹം അടങ്ങിയിരിക്കണമെന്ന് പറയുന്നു. കോലിയുടെ കളിക്കളത്തിലെ പ്രകടനം എനിക്കിഷ്ടമാണ് മദൻലാൽ പറഞ്ഞു.
 
മുൻപ് ഇന്ത്യൻ താരങ്ങൾ കളത്തിൽ ഒട്ടും ആക്രണമോത്സുകതയില്ലാത്തവരാണ് എന്നതായിരുന്നു എല്ലാവരുടെയും പരാതി. ഇപ്പോളിതാ കോലിയെ പോലെ ആക്രണമോത്സുകതയുള്ള ഒട്ടേറെ താരങ്ങൾ ടീമിലുണ്ട്. അപ്പോൾ എല്ലാവരും പറയുന്നത് താരങ്ങൾ ശാന്തരാകണമെന്നാണ്.കോലിയെ പോലെയുള്ള ക്യാപ്‌റ്റനെ തന്നെയാണ് ഇന്ത്യക്ക് ആവശ്യമെന്നും മദൻലാൽ പറഞ്ഞു.
 
ന്യൂസിലൻഡ് പര്യടനത്തിലെ കോലിയുടെ മോശം പ്രകടനത്തെ പറ്റിയും മദൻ ലാൽ പ്രതികരിച്ചു. ഒരു പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ കോലി ഒരിക്കലും മോശക്കാരനാകുന്നില്ലെന്നും  ഇപ്പോഴും ലോകത്തെ ഒന്നാം നമ്പർ താരമാണ് കോലിയെന്നും മദൻ ലാൽ പറഞ്ഞു.ചില സമയത്ത് ഇത്തരം സാങ്കേതിക പ്രശ്നങ്ങളെ നമ്മെ പിടികൂടിയേക്കാമെന്നും എത്ര ശ്രമിച്ചാലും അതിൽ നിന്നും കരകയറാൻ ചിലപ്പോൾ സാധിക്കില്ലെന്നും ഇത് ലോകത്തെ മികച്ച താരങ്ങൾക്കും ബാധകമാണെന്നും മദൻലാൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article