ഇന്ത്യയുടെ പരിശീലകനാകുന്നത് കോഹ്‌ലിയുടെ ‘ചങ്ക് ബ്രോ’; കുംബ്ലെയെ പുറത്താക്കിയതിന് ഇതിനു വേണ്ടിയോ ?

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (10:03 IST)
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച പരിശീലകന്‍ അനില്‍ കുംബ്ലെയ്‌ക്ക് പകരം മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശീലകസ്ഥാനത്തെക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് സെവാഗിനോടാണ് കൂടുതല്‍ താല്‍‌പര്യം.

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകനെ ആവശ്യമില്ലെന്ന് സെവാഗ് തുറന്നു പറയുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ, കോഹ്‌ലിയടക്കമുള്ള താരങ്ങളുമായി സെവാഗിനുള്ള അടുപ്പവും അവരുമായി ഡ്രസിംഗ് റൂം പങ്കിട്ടതിന്റെ പരിചയവും  അദ്ദേഹത്തിന് നേട്ടമാണ്.

കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ പരിശീലകസ്ഥാനം രാജിവച്ചതെന്ന് കുംബ്ലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സെവാഗുമായി കോഹ്‌ലിക്ക് അടുത്തബന്ധമാണുള്ളത്. കോഹ്‌ലിക്ക് വീരുവിനോടുള്ള ബഹുമാനത്തിന് പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.



2011ലെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്‌റ്റുകളില്‍ കോഹ്‌ലിയുടെ പ്രകടനം ദയനീയമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കി രോഹിത് ശർമയെ ടീമിലെടുക്കാൻ സെലക്‍ടര്‍മാര്‍ തീരുമാനിച്ചു. എന്നാല്‍ ആ നീക്കത്തെ ശക്തമായി എതിര്‍ത്തത് അന്നത്തെ ടീം നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. ഉപനായകനായിരുന്ന സെവാഗ് അന്ന് ധോണിക്കൊപ്പം കോഹ്‌ലിക്കായി ശക്തമായി വാദിക്കുകയും ചെയ്‌തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സെല‌ക്‍ടര്‍മാര്‍ കോഹ്‌ലിയെ ടീമില്‍ നിലനിര്‍ത്തിയത്. ഇതോടെയാണ് കോഹ്‌ലി ധോണിയുടെയും വീരുവിന്റെയും അടുപ്പക്കാരനായതും സെവാഗ് ടീമില്‍ നിന്ന് പുറത്തായ ശേഷം ധോണി പക്ഷത്തേക്ക് ചാഞ്ഞതും.

ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽ കോഹ്ലിയുടെ ശരാശരി 10.75 റൺസ് ആയിരുന്നു. ധോണിയുടെ പിന്തുണയില്‍ ടീമിലേക്ക് തിരിച്ചെത്തിയ കോഹ്‌ലി മൂന്നാം ടെസ്‌റ്റില്‍ 44, 75 എന്നിങ്ങനെ റൺസ് നേടി ഫോമിലേക്ക് തിരിച്ചുവന്നു. അടുത്ത ടെസ്റ്റിൽ കോഹ്ലി തന്റെ കന്നി സെഞ്ചുറി നേടുകയും ചെയ്‌തു.
Next Article