ടി20യിൽ അന്ന് മെയ്‌ഡൻ ഓവർ കളിക്കേണ്ടി വന്നു, നിങ്ങൾക്കെങ്ങനെ ഇത് സാധിച്ചുവെന്ന് പലരും സന്ദേശമയച്ചു: വിരേന്ദർ സെവാഗ്

Webdunia
തിങ്കള്‍, 16 മെയ് 2022 (21:53 IST)
ലോകക്രിക്കറ്റിലെ എ‌ക്കാലത്തെയും അപകടകാരിയായ ബാറ്റർമാരുടെ ഇടയിലാണ് ഇന്ത്യയുടെ ഇതിഹാസ ഓപ്പണർ വിരേന്ദർ സെവാഗിന്റെ സ്ഥാനം. ഫോർമാറ്റ് വ്യത്യാസമില്ലാതെ ആദ്യ പന്തിൽ തന്നെ റൺസ്‌ കണ്ടെത്തിയിരുന്ന സെവാഗ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബൗളർക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നതിൽ മിടുക്കനായിരുന്നു.
 
എന്നാൽ 2011ലെ ഐപിഎല്ലിൽ ഒരോവർ മെയ്‌ഡൻ ഓവർ ആക്കിയ ചരിത്രവും സെവാഗിനുണ്ട്. മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കവെ വീരു ഒരോവർ മെയ്‌ഡനാക്കിയത്. അതേപറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം. അന്ന് വൈകീട്ട് ഒരുപാട് സന്ദേശങ്ങൾ എനിക്ക് ലഭിച്ചു. എങ്ങനെയാണ് ടി20 ക്രിക്കറ്റിൽ ഇത്തരമൊരു കാര്യം നിങ്ങൾ ചെയ്‌തത് എന്നായിരുന്നു പലരുടെയും ചോദ്യം. അന്ന് ലസിത് മലിങ്കയ്‌ക്കെതിരേയായിരുന്നു ഞാന്‍ മെയ്ഡന്‍ ഓവര്‍ കളിച്ചത്. ഞാന്‍ അതു ചെയ്യാന്‍ കാരണം മലിങ്ക അന്ന് 3-4 വിക്കറ്റെടുത്തിരുന്നു. പവർപ്ലേയിൽ അദ്ദേഹത്തിന്റെ അവസാന ഓവറാണ് ഞാൻ മെയ്‌ഡൻ ആക്കിയത്.
 
ഞാൻ സ്ട്രൈക്ക് ഏടുത്തില്ലെങ്കിൽ മലിങ്ക ചിലപ്പോൾ മറ്റൊരു വിക്കറ്റ് കൂടി വീഴ്‌ത്തിയേനെ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓവറിൽ റൺസൊന്നുമെടുക്കാതെ ക്ഷമയോടെ കളിച്ചത്. നിങ്ങൾക്ക് ഇതെങ്ങനെ ചെയ്യാൻ സാധിച്ചെന്നാണ് പല സുഹൃത്തുക്കളും തന്നോട് ചോദിച്ചത്. ഇക്കാര്യങ്ങൾ ഇപ്പോഴും ഓർമയിലുണ്ട്, സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article