ക്യാപ്‌റ്റന്‍ സ്ഥാനം തെറിക്കുമെന്ന് സൂചന; തന്റെ നായകമാറ്റത്തില്‍ ബിസിസിഐക്ക് തീരുമാനം എടുക്കാമെന്ന് ധോണി

Webdunia
ബുധന്‍, 8 ജൂണ്‍ 2016 (09:10 IST)
തന്റെ നായകമാറ്റത്തില്‍ ബിസിസിഐക്ക് തീരുമാനം എടുക്കാമെന്ന് ഏകദിന ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി. ആസ്വദിച്ചാണ് ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത്. നായക സ്ഥാനത്തു നിന്ന് തന്നെ മാറ്റണോ എന്ന് ബിസിസിഐക്ക് തീരുമാനിക്കാന്‍ കഴിയുന്നതാണെന്നും ധോണി പറഞ്ഞു.

നമ്മുടെ കായിക സംസ്കാരം മനസിലാക്കുന്ന ആളായിരിക്കണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വരേണ്ടത്. ഹിന്ദി അറിയാവുന്ന ഒരാള്‍ വരണമെന്നാണ് തന്റെ ആഗ്രഹം. പത്തു വര്‍ഷത്തെ കരിയറിനിടെ നാലു പരിശീലകരുടെ കീഴില്‍ ധോണി കളിക്കാനിറങ്ങിയിട്ടുണ്ടെന്നും ധോണി പറഞ്ഞു. സിംബാ‌ബെ പര്യടനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിന ടീം അടക്കം മൂന്നു ഫോര്‍മാറ്റുകളുടെയും നായകനായി വിരാട് കോഹ്‌ലിയെ നിയമിക്കണമെന്ന രവി ശാസ്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ധോണി. സഞ്ജയ് ബംഗാറിനെയാണ് സിംബാ‌ബെ പര്യടനത്തിനുള്ള പരിശീലകനായി നിയമിച്ചിരിക്കുന്നത്.

ലോകകപ്പിന് പിന്നാലെ ട്വന്റി-20 ലോകകപ്പിലൂം ഇന്ത്യയെ വിജയിപ്പിക്കാന്‍ ധോണിക്കായില്ല. ഐ പി എല്ലില്‍ ധോണിയുടെ പൂനെ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായതും അദ്ദേഹത്തിന് തിരിച്ചടിയായി. അതേസമയം, ഐപിഎല്ലില്‍ കോഹ്‌ലി വമ്പന്‍ പ്രകടനമാണ് കാഴ്‌ചവച്ചത്.
Next Article