Virat Kohli is GOAT: സച്ചിന്‍ ഈ നേട്ടത്തിലെത്തിയത് 160 ഇന്നിങ്‌സുകളില്‍ നിന്ന്, കോലിക്ക് വേണ്ടിവന്നത് വെറും 99 ഇന്നിങ്‌സ്; ഗോട്ട് തന്നെയെന്ന് സോഷ്യല്‍ മീഡിയ
Virat Kohli is GOAT: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതിനൊപ്പം ഒരുപിടി അപൂര്‍വ്വ റെക്കോര്‍ഡുകളും സ്വന്തമാക്കി ഇന്ത്യന്‍ താരം വിരാട് കോലി. 87 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 113 റണ്‍സെടുത്താണ് കോലി ഇന്ത്യയുടെ ടോപ് സ്‌കോററായത്. ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സ് നേടി.
ഏകദിന കരിയറിലെ 45-ാം സെഞ്ചുറിയാണ് കോലി ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയത്. ഇതോടെ താരത്തിന്റെ രാജ്യാന്തര കരിയറിലെ ആകെ സെഞ്ചുറികളുടെ എണ്ണം 73 ആയി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് കോലി ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്.
ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ കോലി സച്ചിനൊപ്പമെത്തി. ഇന്ത്യയില്‍ കോലിയുടെ 20-ാം ഏകദിന സെഞ്ചുറിയാണ് ഇത്. 99 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറി നേടാന്‍ 160 ഇന്നിങ്‌സുകള്‍ കളിച്ചു.
ഒരു രാജ്യത്തിനെതിരെ കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തിലും കോലി തന്റെ പേര് ഒരിക്കല്‍ കൂടി എഴുതി ചേര്‍ത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഒന്‍പത് ഏകദിന സെഞ്ചുറിയുള്ള കോലി ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരെയും ഒന്‍പത് ഏകദിന സെഞ്ചുറി സ്വന്തമാക്കി കഴിഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരെ സച്ചിന്‍ ഒന്‍പത് ഏകദിന സെഞ്ചുറി നേടിയിട്ടുണ്ട്.
കോലിയുടെ സെഞ്ചുറിക്ക് പിന്നാലെ ട്വിറ്ററില്‍ ഗോട്ട് ട്വീറ്റുകള്‍ ട്രെന്‍ഡിങ് ആകാന്‍ തുടങ്ങിയിട്ടുണ്ട്. ക്രിക്കറ്റിലെ മികച്ചവന്‍ കോലി തന്നെയാണെന്നാണ് ആരാധകരുടെ കമന്റ്.