പരിക്ക് പൂർണമായും ഭേദമല്ല, ബുമ്രയ്ക്ക് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് സീരീസും നഷ്ടമായേക്കും

ചൊവ്വ, 10 ജനുവരി 2023 (13:58 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കപ്പെട്ട ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് കൂടുതൽ മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്. പരിക്കിൻ്റെ പിടിയിൽ നിന്നും മോചിതനാകാത്ത ബുമ്രയെ ശ്രീലങ്കക്കെതിരായ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ആദ്യം ബുമ്രയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരമ്പരയ്ക്ക് തലേക്ക് താരത്തെ ഒഴിവാക്കുകയായിരുന്നു.
 
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയും ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ബുമ്രയ്ക്ക് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിനിടെ താരത്തിന് വീണ്ടും പുറം വേദന അനുഭവപ്പെട്ടതോടെയാണ് ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിൽ നിന്നും അവസാന നിമിഷം താരത്തെ പുറത്താക്കിയത്.
 
നിലവിലെ അവസ്ഥയിൽ താരത്തിന് തിരിച്ചുവരാൻ കൂടുതൽ സമയം വേണമെന്നാണ് ദേശീയ ക്രികറ്റ് അക്കാദമി അധികൃതർ സെലക്ടർമാരെ അറിയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ താരത്തിന് ബൗളിംഗ് പരിശീലനം തുടങ്ങാൻ മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര 3-1നെങ്കിലും വിജയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ബുമ്രയുടെ പരിക്ക് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍