പർപ്പിൾ ക്യാപ്പുള്ള ബൗളറൊക്കെ തന്നെ പക്ഷേ പന്തെറിഞ്ഞാൽ അതുപോലെ റൺസും കൊടുക്കും, ചെന്നൈയ്ക്ക് വില്ലനായ ദേഷ്പാണ്ഡെ

Webdunia
തിങ്കള്‍, 1 മെയ് 2023 (15:49 IST)
ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിംഗ്സുമായുള്ള മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവിയുടെ ഞെട്ടലിലാണ് ചെന്നൈ ആരാധകർ. 200 റൺസ് ചെപ്പോക്കിൽ നേടിയിട്ടും അത് പ്രതിരോധിക്കാനാകാതെയാണ് ചെന്നൈ പരാജയപ്പെട്ടത്ത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണെങ്കിൽ യാതൊരു പ്രശ്നവും കൂടാതെ യഥേഷ്ടം റൺസ് വിട്ടുകൊടുക്കുന്ന ചെന്നൈ ബൗളർ തുഷാർ ദേഷ്പാണ്ഡെയാണ് ചെന്നൈയുടെ പരാജയത്തിന് കാരണമായത്.
 
വിക്കറ്റുകൾ സ്വന്തമാക്കുമെങ്കിലും വൈഡുകളും നോബോളുകളും ഫുൾടോസുകളുമടക്കം എതിർ ടീമിന് ആവശ്യമായതെല്ലാം ചെയ്ത് കൊടുക്കാൻ തുഷാർ പരാമാവധി ശ്രമിക്കാറുണ്ട്. അതിനാൽ തന്നെ വിക്കറ്റുകൾ വീഴ്ത്തുമ്പോഴും താരത്തിൻ്റെ സാന്നിധ്യം ടീമിന് തിരിച്ചടിയാകാറുണ്ട്. പഞ്ചാബുമായുള്ള കളിയിലും റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു പിശുക്കും തുഷാർ കാണിച്ചില്ല. 4 ഓവറിൽ 49 റൺസ് വഴങ്ങി 3 വിക്കറ്റ് നേട്ടമാണ് താരം നേടിയത്.
 
ഐപിഎല്ലിൽ 17 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. എന്നാൽ 11. 07 എക്കോണമിയിൽ 369 റൺസ് താരം വിട്ടുകൊടുത്തിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായ ആർഷദീപ് സിംഗ് തുഷാർ ദേഷ്പാണ്ഡെയുടെ അത്രയും ഓവറിൽ വിട്ടുനൽകിയത് 295 റൺസാണ്. ഒരു വശത്ത് വിക്കറ്റ് വീഴ്ത്തുമ്പോഴും എക്സ്ട്രാ റണ്ണുകൾ അടക്കം കൊടുക്കുന്നത് ചെന്നൈയ്ക്ക് പലപ്പോഴും ബാധ്യതയാകുന്നുവെന്ന് ആരാധകരും പറയുന്നു. നിലവിലെ ഓറഞ്ച് ക്യാപ് ഹോൾഡറേക്കാൾ റൺസ് തുഷാർ ബൗളെറിഞ്ഞ് സ്വന്തമാക്കിയതായും ചെന്നൈ ആരാധകർ കളിയാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article