Ashwin-Jadeja: ഒന്നിച്ച് വീഴ്ത്തിയത് 500 വിക്കറ്റുകളോ? അതും വെറും 49 ടെസ്റ്റിൽ!, അശ്വിൻ- ജഡേജ കോമ്പോ അവിശ്വസനീയമെന്ന് കണക്കുകൾ

അഭിറാം മനോഹർ

ബുധന്‍, 31 ജനുവരി 2024 (19:55 IST)
ക്രിക്കറ്റ് ലോകത്ത് എല്ലാക്കാലവും ബാറ്റര്‍മാരുടെ കോമ്പിനേഷന്‍ പോലെ തന്നെ ആഘോഷിക്കപ്പെടുന്നതാണ് ബൗളര്‍മാരുടെ കോമ്പിനേഷന്‍. വസീം അക്രം- വഖാര്‍ യൂനിസ് കോമ്പിനേഷന്‍ മുതല്‍ ബുമ്ര- സിറാജ് കോമ്പിനേഷന്‍ വരെ അത് നീണ്ടുപോകുന്നു. അത്തരത്തില്‍ ക്രിക്കറ്റ് ലോകത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒരു കൂട്ടുക്കെട്ടാണ് അശ്വിന്‍- ജഡേജ കൂട്ടുക്കെട്ട്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിരവധി തവണയാണ് ഇവര്‍ എതിരാളികളെ കശാപ്പ് ചെയ്തിട്ടുള്ളത്.
 
ഇതിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 500 വിക്കറ്റ് നേട്ടത്തിലെത്തിയ പെയര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അശ്വിന്‍- ജഡേജ സഖ്യം. വെറും 49 ടെസ്റ്റുകളില്‍ നിന്നാണ് ഇവര്‍ 500 വിക്കറ്റുകളെന്ന ബെഞ്ച് മാര്‍ക്കിലെത്തിയത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് അവസാനിച്ചപ്പോള്‍ 50 ടെസ്റ്റുകളില്‍ നിന്നും 511 വിക്കറ്റുകളാണ് ഈ ജോഡിയുടെ അക്കൗണ്ടിലുള്ളത്. ഇവര്‍ ഒന്നിച്ച് കളിച്ച 50 ടെസ്റ്റുകളില്‍ 35 മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. 5 മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
 
96 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 496 വിക്കറ്റുകളാണ് രവിചന്ദ്ര അശ്വിന്റെ അക്കൗണ്ടിലുള്ളത്. 34 തവണ അഞ്ച് വിക്കറ്റ് നേട്ടവും 8 തവണ 10 വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ജഡേജയ്ക്കാവട്ടെ 69 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 280 വിക്കറ്റുകളാണ് സ്വന്തം പേരിലുള്ളത്. അഞ്ച് വിക്കറ്റ് നേട്ടം 12 തവണയും 10 വിക്കറ്റ് നേട്ടം 2 തവണയും ജഡേജ നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍