ശുഭ്മാൻ ഗില്ലിന് ലഭിച്ച സമയം പൂജാരയ്ക്ക് ലഭിച്ചില്ല: അനിൽ കുംബ്ലെ

അഭിറാം മനോഹർ

ചൊവ്വ, 30 ജനുവരി 2024 (20:35 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും സമീപകാലത്തായി മോശം പ്രകടനമാണ് യുവതാരമായ ശുഭ്മാന്‍ ഗില്‍ നടത്തുന്നത്. കഴിഞ്ഞ 11 ടെസ്റ്റ് ഇന്നിങ്ങ്‌സുകളില്‍ നിന്നും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ സെഞ്ചുറിക്ക് ശേഷം 36 റണ്‍സാണ് ടെസ്റ്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. എന്നാല്‍ മോശം ഫോമിലാണെങ്കിലും ഗില്ലിന് തുടര്‍ച്ചയായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം ലഭിക്കുന്നുണ്ട്. ഈ ലക്ഷ്വറി ടീമിലെ പരിചയസമ്പന്നനായ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്ക്ക് പോലും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ അനില്‍ കുംബ്ലെ.
 
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ 23,0 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്ങ്‌സുകളില്‍ നിന്നായി ഗില്ലിന്റെ പ്രകടനം. 100 ടെസ്റ്റുകള്‍ കളിച്ചു കഴിഞ്ഞ പൂജാരയ്ക്ക് പോലും ഇന്ത്യ തുടര്‍ച്ചയായി ഇത്രയും അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് കുംബ്ലെ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ മൂന്നാം നമ്പര്‍ സ്ഥാനം ഏറെക്കാലമായി പുജാരയ്ക്ക് സ്വന്തമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം പക്ഷേ മൂന്നാം സ്ഥാനത്ത് ഇറങ്ങുന്നത് ശുഭ്മാന്‍ ഗില്ലാണ്. ഗില്‍ മോശം ഫോം തുടര്‍ന്നിട്ടും രഞ്ജിയില്‍ പുജാര തന്റെ ഫോം തെളിയിച്ചിട്ടും പുജാരയ്ക്ക് മറ്റൊരു അവസരം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തയ്യാറായിട്ടില്ല.
 
രണ്ടാം ടെസ്റ്റില്‍ ഗില്‍ തന്റെ മെന്റാലിറ്റി മെച്ചപ്പെടുത്തുകയും സാങ്കേതികമായി ചില തിരുത്തലുകള്‍ നടത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കുംബ്ലെ പറയുന്നു. എത്ര പ്രതിഭയുള്ള താരമാണെങ്കിലും മൂന്നാം നമ്പറില്‍ മികച്ച പ്രകടനം നടത്താന്‍ അതിനുള്ള എഫോര്‍ട്ട് എടുക്കേണ്ടതായി വരും. അവന് സ്‌കില്ലുണ്ട് ചെറുപ്പമാണ് കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ വിശാഖപട്ടണത്ത് അവന്‍ എന്താണെന്ന് അവന്‍ തെളിയിക്കേണ്ടി ഇരിക്കുന്നു. അല്ലെങ്കില്‍ അവന്റെ മുകളിലുള്ള സമ്മര്‍ദ്ദം ഇനിയും ഉയരും. കുബ്ലെ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍