Ind vs Eng: ബുമ്രയും സിറാജും അഞ്ചാം ദിവസവും കളിക്കുമെന്ന് കരുതിയെന്ന് രോഹിത്, രൂക്ഷവിമർശനവുമായി ആരാധകർ

അഭിറാം മനോഹർ

തിങ്കള്‍, 29 ജനുവരി 2024 (18:33 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 190 റണ്‍സിന്റെ വമ്പന്‍ ലീഡ് വാങ്ങിയിട്ടും ഇന്ത്യ പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ആരാധകര്‍. രണ്ടാം ഇന്നിങ്ങ്‌സില്‍ 231 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ട് മുന്നോട്ട് വെച്ചത്. പരിചയസമ്പന്നരായ സ്പിന്നര്‍മാരില്ലാഞ്ഞിട്ടും ഇന്ത്യയെ 202 റണ്‍സിന് ഒതുക്കാന്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു. ഇന്ത്യയുടെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു പരാജയകാരണമെങ്കിലും വാലറ്റം മത്സരം അഞ്ചാം ദിവസത്തിലേക്ക് കൊണ്ടുപോകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായി മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടിരുന്നു.
 
അവസാന വിക്കറ്റില്‍ വിജയത്തിനായി ജസ്പ്രീത് ബുമ്രയും സിറാജും പൊരുതിനോക്കിയെങ്കിലും നാലാം ദിവസത്തെ അവസാന ഓവറില്‍ ടീം ഓളൗട്ടാകുകയായിരുന്നു. ഇപ്പോഴിതാ രോഹിത്തിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യയുടെ ബാറ്റര്‍മാരുടെ പരാജയത്തിനെ പറ്റി വാ തുറക്കാതെ വാലറ്റം മത്സരം വിജയിപ്പിക്കാത്തതിനെ പറ്റിയും മത്സരം അഞ്ചാം ദിവസത്തിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്തതിനെ പറ്റിയുമാണ് രോഹിത് സംസാരിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. രോഹിത് ബാറ്റ് കൊണ്ട് അല്പം കൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
 
നായകനെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരെ ആക്രമണോത്സുകമായ ഫീല്‍ഡ് ഒരുക്കാന്‍ രോഹിത്തിനായിട്ടില്ലെന്നും കോലി ഇന്ത്യന്‍ നായകനായിരുന്ന കാലയളവില്‍ ഇന്ത്യ നാട്ടില്‍ 2 ടെസ്റ്റുകള്‍ മാത്രമാണ് തോറ്റതെന്നും എന്നാല്‍ രോഹിത്തിന് കീഴില്‍ അവസാനമായി നാട്ടില്‍ കളിച്ച 3 ടെസ്റ്റിലും വിജയിക്കാനായിട്ടില്ലെന്നും നായകനെന്ന നിലയില്‍ രോഹിത് കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും തോല്‍വിയില്‍ വാലറ്റത്തെ പഴിക്കുന്നത് ശരിയല്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍