അഹമ്മദാബാദിൽ മാത്രം റൺസടിക്കുന്ന മെഷീൻ, ഇവനാണോ കോലിയുടെ പകരക്കാരൻ, ഗില്ലിനെ പൊരിച്ച് ആരാധകർ

അഭിറാം മനോഹർ

തിങ്കള്‍, 29 ജനുവരി 2024 (17:32 IST)
ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ 28 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ യുവതാരം ശുഭ്മാന്‍ ഗില്ലിനെതിരെ പരിഹാസവുമായി ആരാധകര്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പിന് ശേഷം ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റിലും തിളങ്ങാന്‍ താരത്തിനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 23ഉം രണ്ടാം ഇന്നിങ്ങ്‌സില്‍ റണ്‍സൊന്നും നേടാതെയുമാണ് താരം പുറത്തായത്. ഇതോടെയാണ് ഗില്ലിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമായത്.
 
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്നും വിരാട് കോലിയുടെ പിന്‍ഗാമിയെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ ഗില്ലിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്ക് വരുമ്പോള്‍ കോലിയുടെ നിഴലിന്റെ ഏഴയലത്ത് പോലും ഗില്‍ വരില്ലെന്ന് കണക്കുകള്‍ സാക്ഷ്യം വഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ സര്‍ഫറാസ് ഖാനെ പോലുള്ള താരങ്ങള്‍ അവസരം കാത്ത് നില്‍ക്കുമ്പോള്‍ അവരുടെ ഭാവിയും ഗില്ലിന് അവസരങ്ങള്‍ നല്‍കി നശിപ്പിക്കരുതെന്നാണ് ആരാധകര്‍ പറയുന്നത്.
 
21 ടെസ്റ്റ് മത്സരങ്ങളിലെ 39 ഇനിങ്ങ്‌സുകളില്‍ നിന്നായി 29.52 റണ്‍സ് ശരാശരിയില്‍ 1063 റണ്‍സ് മാത്രമാണ് ഗില്ലിന്റെ അക്കൗണ്ടിലുള്ളത്. 2 സെഞ്ചുറികളും 4 അര്‍ധസെഞ്ചുറികളും മാത്രമാണ് ഇത്രയും ഇന്നിങ്ങ്‌സുകളില്‍ നിന്നും ഗില്ലിന് നേടാനായിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ വമ്പന്‍ റെക്കോര്‍ഡുണ്ടെങ്കിലും ടെസ്റ്റില്‍ ശരാശരിയില്‍ മാത്രമൊതുങ്ങുന്ന താരമാണ് ഗില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ സെഞ്ചുറിക്ക് ശേഷം അവസാനം കളിച്ച 9 ഇന്നിങ്ങ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി പ്രകടനം പോലും ഗില്ലിനില്ല. കഴിഞ്ഞ വര്‍ഷം ആദ്യം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ നേടിയ 128 റണ്‍സിന് ശേഷം 36 റണ്‍സാണ് ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതോടെ അഹമ്മദാബാദില്‍ മാത്രം റണ്‍സ് നേടുന്ന മെഷീനാണ് ഗില്ലെന്ന തരത്തിലാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍