Shamar Joseph: ഒരു വര്‍ഷം മുന്‍പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് പോലും കളിച്ചിട്ടില്ലാത്ത താരം, ഗാബയില്‍ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഷമര്‍ ജോസഫിന്റെ കഥ

അഭിറാം മനോഹർ

തിങ്കള്‍, 29 ജനുവരി 2024 (15:11 IST)
ശനിയാഴ്ച വൈകുന്നേരമാണ് ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിനിടെ ഷമര്‍ ജോസഫ് എന്ന വെസ്റ്റിന്‍ഡീസ് പുതുമുഖ താരത്തിന്റെ കാല്‍ക്കുഴയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീയുണ്ട ചെന്നുപതിക്കുന്നത്. തന്റെ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഓസീസിനെ വലച്ച ഷമര്‍ ജോസഫ് ഇതോടെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനായി പന്തെറിയില്ലെന്നാണ് ക്രിക്കറ്റ് ലോകം ഒന്നാഎ കരുതിയെങ്കിലും അടുത്ത ദിവസം വെസ്റ്റിന്‍ഡീസിനായി പന്തെറിയാന്‍ 24കാരനായ പയ്യന്‍ വീണ്ടുമെത്തി.ടീം ഡോക്ടറില്‍ നിന്ന് വേദനാസംഹാരികള്‍ സ്വീകരിച്ചുകൊണ്ടാണ് ഗാബ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഷമര്‍ പന്തെറിയാനെത്തിയത്. 93 റണ്‍സിന് 2 വിക്കറ്റെന്ന നിലയില്‍ നില്‍ക്കുന്ന ഓസ്‌ട്രേലിയയ്ക്ക് വിജയിക്കാനായി 216 റണ്‍സുകളാണ് അപ്പോള്‍ വേണ്ടിയിരുന്നത്. സ്മിത്തും കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കുമ്പോള്‍ വേദനാസംഹാരികള്‍ കഴിച്ചെത്തിയ ഷമര്‍ പന്തെറിയും വരെയും ആ ഒരു ടോട്ടല്‍ ഓസീസിന് അപ്രാപ്യമായ ഒന്നായിരുന്നില്ല.എന്നാല്‍ ഷമര്‍ പന്തെറിഞ്ഞു തുടങ്ങിയതോടെ ഒരു ചീട്ടുകൊട്ടാരം കണക്കെയാണ് പേരുകേട്ട ഓസീസ് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞത്.
 
ആദ്യം ഗ്രീനിനെ സ്ലിപ്പില്‍ ക്യാച്ചിലൂടെ പുറത്താക്കി ഷമര്‍ ഓസീസിന് മേല്‍ ആഘാതമേല്‍പ്പിച്ചു. 113 ന് 2 എന്ന നിലയില്‍ നിന്നും ഓസീസ് സ്‌കോര്‍ 136 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. സ്മിത്തിനെ കാഴ്ച്ചക്കാരനാക്കി അവസാന ഓസീസ് വിക്കറ്റും ഷമര്‍ ജോസഫ് സ്വന്തമാക്കുമ്പോള്‍ 8 റണ്‍സകലെയാണ് ഓസ്‌ട്രേലിയ വിജയം കൈവിടുന്നത്.ഓസ്‌ട്രേലിയ ഒരിക്കലും തോല്‍ക്കുകയില്ലെന്ന് കരുതിയിരുന്ന ഗാബയില്‍ ഇന്ത്യയ്ക്ക് ശേഷം വെസ്റ്റിന്‍ഡീസും കനത്ത പ്രഹരമാണ് ഓസ്‌ട്രേലിയയ്ക്ക് ഏല്‍പ്പിച്ചത്.11.5 ഓവറില്‍ വെറും 68 റണ്‍സ് വിട്ടുകൊടുത്താണ് 7 വിക്കറ്റുകള്‍ ഷമര്‍ ജോസഫ് മത്സരത്തില്‍ സ്വന്തമാക്കിയത്. ഒരു വര്‍ഷം മുന്‍പ് വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും കളിക്കാതിരുന്ന താരമാണ് വിന്‍ഡീസ് ദേശീയ ടീമിനായി ഗാബയില്‍ ഓസീസിനെതിരെ ടീമിനെ വിജയിപ്പിക്കുന്ന പ്രകടനം നടത്തിയിരിക്കുന്നത് എന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്. 1999ല്‍ ജനിച്ച ഷമാര്‍ ഇന്റര്‍നെറ്റ് പോലും എത്തിനോക്കിയിട്ടില്ലാത്ത ഗയാനയിലെ ബരക്കാരയിലാണ് ജനിക്കുന്നത്. കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് ന്യൂ ആംസ്റ്റര്‍ഡാമില്‍ 12 മണിക്കൂര്‍ നേരം സെക്യൂരിറ്റി ജോലിയായിരുന്നു താരം ചെയ്തിരുന്നത്.
 
ഒരു ഭാഗത്ത് ക്രിക്കറ്റ് ഒരു വികാരമായി കൂടെയുണ്ടായിരുന്നുവെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൊന്നും തന്നെ അതുവരെയും ഷമര്‍ ജോസഫ് ഭാഗമായിരുന്നില്ല. ക്രിക്കറ്റിനായി തന്റെ ജോലി ഉപേക്ഷിക്കുക എന്നത് ഷമറിനെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നെങ്കിലും തന്റെ സ്വപ്നത്തിന് പിറകെ പോകാനായി ഷമര്‍ തന്റെ ജോലി ഉപേക്ഷിച്ചു.ഒരു ഫാസ്റ്റ് ബൗളിംഗ് ക്ലിനിക്കില്‍ വെച്ച് കര്‍ട്ട്‌ലി ആംബ്രോസിന്റെ കണ്ണില്‍പ്പെട്ടതോടെയാണ് ഷമറിന്റെ രാശി തെളിയുന്നത്. തുടര്‍ന്ന് നാഷണല്‍ ട്രയല്‍സുകളിലും ഗയാനയുടെ ഫസ്റ്റ് ക്ലാസ് ടീമിലും താരത്തിന് അവസരം ലഭിച്ചു. ഗയാനയുടെ ഫസ്റ്റ് ക്ലാസ് ടീമില്‍ അരങ്ങേറിയതിന് ശേഷം കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു താരത്തിന്റെ വളര്‍ച്ച. 3 മാസങ്ങള്‍ക്ക് മുന്‍പ് വെസ്റ്റിന്‍ഡീസ് ടീമില്‍ നെറ്റ് ബൗളറായി ഷമര്‍ ഇടം നേടി. ദിവസവും 30 ഓവറുകള്‍ വരെ പന്തെറിയുന്ന താരത്തിന് ശ്രദ്ധ പിടിച്ചുപറ്റാന്‍ അധികം സമയം വേണ്ടിവന്നില്ല. കരിബീയന്‍ പ്രീമിയര്‍ ലീഗിലും ഇതോടെ താരത്തിന് അവസരം ലഭിച്ചു. ഇതിന് പിന്നാലെയാണ് വെസ്റ്റിന്‍ഡീസ് എ ടീമിലും അവസരമെത്തുന്നത്.
 
2 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുമായി അവിടെയും തിളങ്ങാന്‍ ഷമറിനായി. അവിടെ നിന്ന് വെസ്റ്റിന്‍ഡീസ് ദേശീയ ടീമിലും താരം ഇടം നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി വെറും ഒരു വര്‍ഷക്കാലം കൊണ്ടായിരുന്നു ഈ വളര്‍ച്ച. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ ഓസീസിനെ തന്റെ പേസ് കൊണ്ട് ഞെട്ടിച്ച ഷമര്‍ തന്റെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ ചരിത്ര വിജയത്തിലേക്കും നയിച്ചിരിക്കുകയാണ്. 2 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് ഓസീസിനെതിരെ താരം സ്വന്തമാക്കിയത്. കഴിഞ്ഞ 27 വര്‍ഷത്തിനിടയില്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ വെസ്റ്റിന്‍ഡീസ് നേടുന്ന വിജയമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍