'ആളറിഞ്ഞു കളിക്കെടാ..'; പാക് വീര്യത്തിനു മുന്നില്‍ നെഞ്ചുവിരിച്ച് കോലി, ഇന്ത്യക്ക് ജയത്തുടക്കം

Webdunia
ഞായര്‍, 23 ഒക്‌ടോബര്‍ 2022 (17:19 IST)
ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് നാടകീയ ജയം. പാക്കിസ്ഥാന്‍ പേസര്‍മാര്‍ വിറപ്പിച്ച മത്സരത്തില്‍ വിരാട് കോലിയുടെ നെഞ്ചുവിരിച്ചുള്ള പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്‍ പേസര്‍മാരും വിരാട് കോലിയും തമ്മിലായിരുന്നു മത്സരം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തിലാണ് ഇന്ത്യ വിജയറണ്‍ കുറിച്ചത്. അങ്ങേയറ്റം നാടകീയമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന അഞ്ച് ഓവറുകള്‍.

താരതമ്യേന ചെറിയ സ്‌കോര്‍ എന്ന് തോന്നിപ്പിച്ചെങ്കിലും തുടക്കം മുതല്‍ ഇന്ത്യക്ക് തിരിച്ചടികളായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സായപ്പോള്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് വിരാട് കോലി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായപ്പോള്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ ജയം കൈവിട്ടു. വളരെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ കോലിയുടെ ഇന്നിങ്‌സ് അവസാന അഞ്ച് ഓവറിലേക്ക് എത്തിയപ്പോള്‍ ട്രാക്ക് മാറി. 53 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 82 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. ഹാര്‍ദിക് പാണ്ഡ്യ 37 പന്തില്‍ 40 റണ്‍സ് നേടി. മറ്റാര്‍ക്കും കാര്യമായ സംഭവനകള്‍ നല്‍കാന്‍ സാധിച്ചില്ല.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article