South Africa vs Sri Lanka, T20 World Cup 2024: ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.1 ഓവറില്‍ 77 ന് ഓള്‍ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്ക 16.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. താരതമ്യേന ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും ശ്രീലങ്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര അല്‍പ്പമെങ്കിലും വിറച്ചു. ടോസ് ലഭിച്ച ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ബാറ്റിങ്ങില്‍ തുടക്കം മുതല്‍ തിരിച്ചടികളാണ് ശ്രീലങ്കയ്ക്കു നേരിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് ആകുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ആഞ്ചലോ മാത്യൂസ് 16 പന്തില്‍ 16 റണ്‍സെടുത്ത് വാലറ്റത്ത് പൊരുതി നോക്കിയതാണ് സ്‌കോര്‍ 70 കടത്തിയത്. കുശാല്‍ മെന്‍ഡിസ് 30 പന്തില്‍ 19 റണ്‍സെടുത്ത് ലങ്കന്‍ നിരയില്‍ ടോപ് സ്‌കോററായി. ഏഴ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിക് നോര്‍ക്കിയയാണ് ശ്രീലങ്കന്‍ ബാറ്റര്‍മാരെ വിറപ്പിച്ചത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി നോര്‍ക്കിയ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് ആകുമ്പോഴേക്കും രണ്ട് വിക്കറ്റ് നഷ്ടമായി. എങ്കിലും ശ്രദ്ധയോടെ കളിച്ച് വിജയത്തിലെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. ക്വിന്റണ്‍ ഡി കോക്ക് 27 പന്തില്‍ 20 റണ്‍സ് നേടി. ഹെന്‍ റിച്ച് ക്ലാസന്‍ 22 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.