ക്രിക്കറ്റിലെ പരമ്പരാഗത ശക്തികളില്‍ ഒന്നാണെങ്കിലും നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ കാര്യം പരിതാപകരമാണ്. വലിയ താരങ്ങളെ സൃഷ്ടിക്കാനോ കളിക്കളത്തില്‍ ഒത്തൊരുമ കാണിക്കാനോ സാധിക്കാതെ പരാജയപ്പെട്ട പാക് ടീം അടുത്തിടെ നടന്ന ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം ദയനീയമായ പ്രകടനമാണ് നടത്തിയത്. ഇപ്പോഴിതാ താന്‍ പരിശീലകനായിരുന്ന കാലയളവിലെ ശമ്പളം തനിക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇനിയും നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ കൂടിയായ ജേസണ്‍ ഗില്ലെസ്പി. ഗാരി കേഴ്സ്റ്റണ്‍ പാക് പരിശീലകസ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ പകരം കോച്ചായാണ് ഗില്ലെസ്പി പ്രവര്‍ത്തിച്ചത്.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തന്റെ ശമ്പളം ഇനിയും തന്ന് തീര്‍ത്തിട്ടില്ലെന്ന് ഗില്ലെസ്പി വ്യക്തമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ ചെയ്ത ജോലിക്ക് ശമ്പളം കിട്ടിയിട്ടില്ല എന്നത് സത്യമാണ്. ഇത് നിരാശയുണ്ടാക്കുന്ന കാര്യമാണ്.നേരത്തെ പാക് പരിശീലകസ്ഥാനത്ത് നിന്നും പുറത്ത് വന്നതിന് പിന്നാലെ പാകിസ്ഥാന്‍ മുഖ്യ പരിശീലകനായ അക്വിബ് ജാവേദിനെതിരെയും ഗില്ലെസ്പി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ടീമിന്റെ തീരുമാനങ്ങളില്‍ ഗില്ലെസ്പിക്ക് അഭിപ്രായങ്ങള്‍ പറയാനുള്ള അവസരങ്ങള്‍ പോലും അക്വിബ് ജാവേദ് നിഷേധിച്ചെന്ന് താരം വ്യക്തമാക്കിയിരുന്നു. ഗാരി കേഴ്സ്റ്റണും പാക് ടീമില്‍ നിന്നും സമാനമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.