ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമെന്ന് ആരാധകര്‍. ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായി ഇന്ത്യയും എത്തുമെന്നാണ് ആരാധകരുടെ പ്രവചനം.
നിലവിലെ സാഹചര്യത്തില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ ഇന്ത്യക്ക് എട്ട് പോയിന്റ് ആകും. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ പോയിന്റ് ഒന്‍പത് ആകും. അപ്പോള്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് തന്നെ തുടരും.
ഗ്രൂപ്പ് ഒന്നിലേക്ക് വന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള ന്യൂസിലന്‍ഡ് അഞ്ച് പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ തന്നെ ന്യൂസിലന്‍ഡിന് ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലില്‍ എത്താം. ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരുമാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടുക. അങ്ങനെയെങ്കില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. 2019 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇതിന്റെ പകരം വീട്ടാന്‍ ഒരു അവസരം ഇന്ത്യക്ക് കിട്ടുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.