ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഏഴ് റണ്‍സിനു ജയിച്ചതിനു പിന്നാലെ വിവാദം. കളിയുടെ നിര്‍ണായക സമയത്ത് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് എടുത്ത ക്യാച്ചാണ് വിവാദങ്ങള്‍ക്ക് കാരണം. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറെയാണ് സൂര്യകുമാര്‍ അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്. 17 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും സഹിതം 21 റണ്‍സാണ് മില്ലര്‍ നേടിയത്. ഒരുപക്ഷേ മില്ലര്‍ മൂന്നോ നാലോ പന്ത് കൂടി നേരിട്ടിരുന്നെങ്കില്‍ ഇന്ത്യക്ക് കിരീടം നഷ്ടമാകുമായിരുന്നു.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓഫില്‍ ക്യാച്ച് നല്‍കിയാണ് മില്ലര്‍ പുറത്തായത്. സിക്‌സ് ആകുമെന്ന് ഉറപ്പിച്ച പന്താണ് സൂര്യകുമാര്‍ യാദവ് കൈപിടിയില്‍ ഒതുക്കിയത്. സൂര്യയുടെ കാല്‍ ബൗണ്ടറി റോപ്പില്‍ തൊട്ടിട്ടില്ലെന്ന് തേര്‍ഡ് അംപയര്‍ വിധിച്ചതോടെയാണ് മില്ലര്‍ ക്രീസ് വിട്ടത്. എന്നാല്‍ ഈ ക്യാച്ചിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സൂര്യയുടെ കാല്‍ റോപ്പില്‍ തട്ടിയെന്നാണ് ഈ വീഡിയോയ്ക്കു താഴെ ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.