ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് സൂപ്പര്‍ താരം വിരാട് കോലിയുടെ പ്രകടനങ്ങള്‍ക്കാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങിയാല്‍ അഞ്ചോളം റെക്കോര്‍ഡുകളാണ് കോലിയെ കാത്തിരിക്കുന്നത്. നിലവില്‍ 13 ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ നിന്നും 529 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സടിക്കുന്ന താരം എന്ന റെക്കോര്‍ഡ് മുതല്‍ നിരവധി റെക്കോര്‍ഡുകളാണ് കോലിയ്ക്ക് മുന്നിലുള്ളത്.
നിലവില്‍ 17 മത്സരങ്ങളില്‍ നിന്നും 791 റണ്‍സ് നേടിയിട്ടുള്ള വെസ്റ്റിന്‍ഡീസ് താരമായ ക്രിസ് ഗെയിലാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം. ടൂര്‍ണമെന്റില്‍ 263 റണ്‍സ് കൂടെ നേടാനായാല്‍ ഈ നേട്ടം മറികടക്കാന്‍ കോലിയ്ക്ക് സാധിക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന നേട്ടം നിലവില്‍ 6 അര്‍ധസെഞ്ചുറികള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ പേരിലാണ്. അഞ്ചെണ്ണം സ്വന്തം പേരിലുള്ള കോലിയ്ക്ക് 2 അര്‍ധസെഞ്ചുറികള്‍ കൂടി നേടാനായാല്‍ ദ്രാവിഡിനെ മറികടക്കാന്‍ സാധിക്കും.
അതേസമയം 37 റണ്‍സ് കൂടി നേടാനായാല്‍ ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് എന്ന നാഴികകല്ലിലെത്താന്‍ കോലിയ്ക്ക് സാധിക്കും. 297 മത്സരങ്ങളില്‍ നിന്നും 13,963 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാമതാവാനും കോലിയ്ക്ക് അവസരമുണ്ട്. ഇതിനായി 103 റണ്‍സ് മാത്രമാണ് കോലിയ്ക്ക് ആവശ്യമുള്ളത്. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരമായ റിക്കി പോണ്ടിങ്ങിനെയാകും കോലി മറികടക്കുക. അതേസമയം ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കാന്‍ കോലിയ്ക്ക് സാധിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്കായി അഞ്ച് ഐസിസി കിരീട നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ കോലിയ്ക്ക് സാധിക്കും.