ഈ ടീമും വെച്ചാണോ ഇന്ത്യയുമായി മുട്ടാൻ വരുന്നത്?, പാകിസ്ഥാന് ചാമ്പ്യൻ ട്രോഫി എളുപ്പമാവില്ല

അഭിറാം മനോഹർ

വ്യാഴം, 20 ഫെബ്രുവരി 2025 (12:41 IST)
നീണ്ട 29 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഐസിസി ടൂര്‍ണമെന്റാണ് ഇപ്പോള്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി. ഏറെക്കാലമായി ഐസിസി കിരീടങ്ങളൊന്നും സ്വന്തമാക്കാനാകാത്ത പാകിസ്ഥാന് സ്വന്തം നാട്ടില്‍ കാണികള്‍ക്ക് മുന്നില്‍ കപ്പുയര്‍ത്താനുള്ള അവസരമാണ് ഇക്കുറിയുള്ളത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിനോട് പരാജയമേറ്റുവാങ്ങിയ പാകിസ്ഥാന്റെ ടൂര്‍ണമെന്റിലെ മുന്നോട്ട് പോക്ക് ചോദ്യചിഹ്നമായിരിക്കുകയാണ്.
 
 ഗ്രൂപ്പില്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനെതിരെയുമാണ് പാകിസ്ഥാന്റെ അടുത്ത മത്സരങ്ങള്‍. ബംഗ്ലാദേശിനെതിരെ വിജയിക്കാനായാല്‍ തന്നെ ഇന്ത്യക്കെതിരെ വിജയം നേടുക എന്നത് നിലവിലെ പാക് ടീമിന് ബാലികേറാമലയാകും. ഇതിന്റെ സൂചനയാണ് ന്യൂസിലന്‍ഡിനെതിരായ മത്സരം നല്‍കുന്നത്. എക്‌സ് ഫാക്ടറാകാന്‍ സാധ്യതയുള്ള ഒരൊറ്റ ബാറ്റര്‍ മാത്രമാണ് പാക് ടീമില്‍ നിലവിലുള്ളത്. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഈ ബാറ്റര്‍(ഫഖര്‍ സമന്‍)ന് പരിക്കേറ്റ് കഴിഞ്ഞിരിക്കുന്നു. ബാക്കി ബാറ്റര്‍മാരെല്ലാം തന്നെ ടീമിന് എതിരാളികളുടെ മുകളില്‍ ആധിപത്യം ചെലുത്താന്‍ കഴിവില്ലാത്തവരാണ്.
 
 ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നീ ബാറ്റര്‍മാരെല്ലാം കഴിവ് തെളിയിച്ചവരാണെങ്കില്‍ കൂടി ടീമിനായി കളിക്കുന്നതായുള്ള ഒരു പ്രതീതി സൃഷ്ടിക്കാന്‍ ആദ്യ മത്സരത്തില്‍ ഇരുവര്‍ക്കും സാധിച്ചില്ല. മികച്ച ഫോമിലുള്ള സല്‍മാന്‍ ആഘ തിളങ്ങിയാല്‍ പോലും അയാള്‍ക്ക് പിന്തുണ നല്‍കാന്‍ സാധിക്കുന്ന ബാറ്റര്‍മാരുടെ നിര പാക് ടീമിലില്ല. ബൗളിങ്ങിനെ തുണയ്ക്കാത്ത പാകിസ്ഥാന്‍ പിച്ചുകളില്‍ മെച്ചപ്പെട്ട പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.
 
 നിലവില്‍ ബൗളിങ്ങില്‍ ആശങ്കയുണ്ടെങ്കിലും രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍,ശ്രേയസ് അയ്യര്‍ എന്നിവടങ്ങുന്ന ഇന്ത്യന്‍ മുന്‍നിര മികച്ച ഫോമിലാണ്. കെ എല്‍ രാഹുല്‍, വിരാട് കോലി, അക്ഷര്‍ പട്ടേല്‍ തുടങ്ങി ശക്തമായ മധ്യനിരയും ഉള്ളതിനാല്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ പിടിച്ചുനിര്‍ത്താന്‍ പാകിസ്ഥാന്‍ പ്രയാസപ്പെടും. ബാറ്റിംഗില്‍ പാക് നിര ഭീഷണി തീരെ ഉയര്‍ത്തുന്നില്ല എന്നതിനാല്‍ തന്നെ ഇന്ത്യയുമായി പാകിസ്ഥാന്‍ പരാജയപ്പെടുവാന്‍ സാധ്യതയേറെയാണ്. ഇന്ത്യയുമായും പരാജയം ഏറ്റുവാങ്ങുകയാണെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുക എന്ന നാണക്കേടും പാകിസ്ഥാന് സ്വന്തമാവും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍