രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി നടക്കുന്നതിനിടെ അശ്വിന്‍ വിരമിച്ചത് ശരിയായില്ലെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഈ തീരുമാനം കാരണം ഇന്ത്യക്ക് ഒരു താരത്തിന്റെ കുറവ് ഉണ്ടാകുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
' ഈ പരമ്പര കഴിയുമ്പോള്‍ വിരമിക്കുമെന്ന് അശ്വിനു പറയാമായിരുന്നു. 2014-15 പരമ്പരയുടെ മധ്യത്തില്‍ വെച്ച് എം.എസ്.ധോണി വിരമിച്ചതിനു തുല്യമായി ഇത്. ഇതിന്റെ പ്രശ്‌നം എന്താണെന്നു വെച്ചാല്‍ പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിങ്ങള്‍ക്ക് ഒരു കളിക്കാരന്‍ കുറയുകയാണ്. പൊതുവെ ഒരു പരമ്പര കഴിയുമ്പോഴാണ് വിരമിക്കേണ്ടത്, അല്ലേത് മധ്യത്തില്‍ വെച്ചല്ല,' ഗാവസ്‌കര്‍ പറഞ്ഞു.
' സെലക്ഷന്‍ കമ്മിറ്റി ഓരോ പരമ്പരയ്ക്കും നിരവധി താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനു കൃത്യമായ ലക്ഷ്യമുണ്ട്. ആര്‍ക്കെങ്കിലും പരുക്ക് പറ്റിയാല്‍ റിസര്‍വ് താരങ്ങളില്‍ നിന്ന് കളിപ്പിക്കാം. സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ ആനുകൂല്യം ഉണ്ടായിരിക്കും. ഇന്ത്യ സിഡ്‌നിയില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് തീരുമാനിക്കുക. തീര്‍ച്ചയായും അശ്വിനും ഉണ്ടാകേണ്ടിയിരുന്നു. അശ്വിന്‍ നാട്ടിലേക്ക് പോകുകയാണെന്നാണ് രോഹിത് പറഞ്ഞത്. അതുകൊണ്ട് അശ്വിന്റെ രാജ്യാന്തര കരിയറും അവസാനിച്ചിരിക്കുന്നു,' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.