മലയാളി താരം സഞ്ജു സാംസണിന്റെ കുറവുകള്‍ എണ്ണി പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ കഴിവില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. എന്നാല്‍ സ്ഥിരതയില്ലായ്മയും ഷോട്ട് സെലക്ഷനിലെ പാളിച്ചകളുമാണ് സഞ്ജുവിനെ പിന്നിലേക്ക് കൊണ്ടുപോകുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
' എല്ലാവരും കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ അത് പരമാവധി പ്രയോജനപ്പെടുത്തണം. സഞ്ജുവിന്റെ കഴിവിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഷോട്ട് സെലക്ഷനില്‍ വരുത്തുന്ന പിഴവുകളാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ട്വന്റി 20 ഫോര്‍മാറ്റില്‍ പോലും നിലയുറപ്പിച്ച് കളിക്കാന്‍ അവസരമുണ്ട്. അതിനാല്‍ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. അങ്ങനെ വന്നാല്‍ ആരും ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ സ്ഥാനത്തെ ചോദ്യം ചെയ്യില്ല. മത്സരത്തില്‍ ഗതി മാറ്റാനുള്ള സഞ്ജുവിന്റെ കഴിവിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല,' ഗവാസ്‌കര്‍ പറഞ്ഞു.