മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 474 റണ്‍സാണ് നേടിയത്. നാലാമനായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് (197 പന്തില്‍ 140) ഓസീസ് ഇന്നിങ്‌സിന്റെ നെടുംതൂണ്‍. 13 ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു സ്മിത്തിന്റെ സെഞ്ചുറി ഇന്നിങ്‌സ്.
അതേസമയം സ്മിത്തിന്റെ പുറത്താകലാണ് ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ വലിയ ചിരി പടര്‍ത്തിയിരിക്കുന്നത്. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡ് ആകുകയായിരുന്നു സ്മിത്ത്. എന്നാല്‍ പുറത്തായ രീതിയാണ് കോമഡിയായത്.
സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ ഉരസിയ പന്ത് വളരെ സാവധാനം പോയി സ്റ്റംപ്‌സില്‍ തട്ടുകയായിരുന്നു. സ്മിത്ത് ക്രീസില്‍ നിന്ന് പുറത്തിറങ്ങിയാണ് ആകാശ് ദീപിന്റെ പന്ത് കളിച്ചത്. അതിനാല്‍ തന്നെ ഇന്‍സൈഡ് എഡ്‌ജെടുത്ത് പന്ത് സ്റ്റംപ്‌സിലേക്ക് നീങ്ങുമ്പോള്‍ അത് തടയാനും സ്മിത്തിനു സാധിച്ചില്ല. പന്തിന്റെ പോക്ക് സ്മിത്ത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
അത്ര വേഗതയില്‍ അല്ലാത്തതിനാല്‍ സ്റ്റംപ്‌സില്‍ തട്ടിയാലും ബെയ്ല്‍സ് വീഴില്ലെന്നാണ് സ്മിത്ത് കരുതിയത്. എന്നാല്‍ സ്റ്റംപ്‌സില്‍ ബോള്‍ തട്ടിയതിനു പിന്നാലെ ബെയ്ല്‍ വീണു.