69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക
തുടക്കത്തിലെ തന്നെ ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടനയും പിന്നാലെയെത്തിയ വിയാന്‍ മുള്‍ഡറെയും നഷ്ടപ്പെട്ടെങ്കിലും മൂന്നാം വിക്കറ്റിലെ എയ്ഡന്‍ മാര്‍ക്രം- തെംബ ബവുമ കൂട്ടുക്കെട്ട് പതുക്കെ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ ഉയര്‍ത്തി. പലപ്പോഴും ഭാഗ്യവും കൂട്ടുനിന്നതോടെ മൂന്നാം ദിവസം അവസാനിക്കുമ്പോഴും വിക്കറ്റ് കൈവിടാതെ ദക്ഷിണാഫ്രിക്കയെ കിരീടത്തിനോട് അടുപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. 250 റണ്‍സിന് മുകളില്‍ 2 തവണ മാത്രമാണ് ലോര്‍ഡ്‌സില്‍ വിജയിച്ചിട്ടുള്ളു എന്ന കണക്ക് മുന്നില്‍ നില്‍ക്കെ അതൊന്നും കൂസാത്ത പ്രകടനമാണ് എയ്ഡന്‍ മാര്‍ക്രവും തെംബ ബവുമയും പുറത്തെടുത്തത്.
ഒരു താപസനെ പോലെ തികച്ചും ശാന്തമാായിരുന്നു എയ്ഡന്‍ മാര്‍ക്രം നേടിയ സെഞ്ചുറി. ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദമോ ഓസീസ് പേസ് നിരയെ നേരിടേണ്ട ഭയമോ ഒന്നും തന്നെ മാര്‍ക്രമില്‍ കാണാനില്ലായിരുന്നു. അതേസമയം പേശിവലിവ് ഉണ്ടായിട്ടും മൈതാനത്ത് ഒരു പോരാളിയെ പോലെയാണ് തെംബ ബവുമ ഓരോ റണ്‍സും ടീമിനായി സ്‌കോര്‍ ചെയ്തത്. മൂന്നാം വിക്കറ്റില്‍ 232 പന്തില്‍ 143 റണ്‍സിന്റെ അപരാജിത കൂട്ടുക്കെട്ടാണ് ഇരുവരും കുറിച്ചത്. 159 പന്തില്‍ 102 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും 121 പന്തില്‍ 65 റണ്‍സുമായി തെംബ ബവുമയുമാണ് നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്കായി ക്രീസിലുള്ളത്. 2 ദിവസവും 8 വിക്കറ്റും ബാക്കിനില്‍ക്കെ ചരിത്ര വിജയത്തിന് വെറും 69 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവശ്യമായുള്ളത്.