ഡോണയുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു; ആ വിവാഹം നടന്നത് ഒളിച്ചോട്ടത്തിലൂടെ !

രേണുക വേണു

വെള്ളി, 16 മെയ് 2025 (15:36 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും നിലവില്‍ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ വ്യക്തി ജീവിതം സംഭവബഹലുമായിരുന്നു. കൊല്‍ക്കത്തയിലെ അതിസമ്പന്ന കുടുംബത്തിലാണ് ഗാംഗുലി ജനിച്ചത്. രാജകുടുംബത്തിലാണ് ഗാഗുലിയുടെ ജനനം. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നാണ് ഗാംഗുലിക്ക് ക്രിക്കറ്റ് ലോകം നല്‍കിയ വിശേഷണം. കളിക്കളത്തില്‍ ധൈര്യത്തിന്റെയും കരുത്തിന്റെയും ആള്‍രൂപമായിരുന്നു ഗാംഗുലി. വ്യക്തിജീവിതത്തിലും അങ്ങനെ തന്നെ. 
 
വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച സംഭവമാണ് ഗാംഗുലിയുടെ വിവാഹം. ബാല്യകാല സുഹൃത്ത് കൂടിയായ ഡോണയെയാണ് ഗാംഗുലി വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവും ചില്ലറ പുകിലുകളല്ല ഉണ്ടാക്കിയിരിക്കുന്നത്. 
 
ഡോണയും ഗാംഗുലിയും തമ്മില്‍ അടുത്ത സുഹൃദ്ബന്ധമുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഡോണയെ കാണാനായി ഡോണയുടെ വീടിനു മുന്നിലും സ്‌കൂളിന് മുന്നിലും പോയിനില്‍ക്കുമായിരുന്നു ഗാംഗുലി. കൊല്‍ക്കത്തയിലെ ഒരു ചൈനീസ് ഹോട്ടലില്‍ വച്ചാണ് ഗാംഗുലിയുടെയും ഡോണയുടെയും ആദ്യ ഡേറ്റിങ്. തനിക്ക് കഴിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ അധികം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഗാംഗുലി അന്ന് ഓര്‍ഡര്‍ ചെയ്തു എന്നാണ് ഡോണ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. ആദ്യ ഡേറ്റിങ്ങിന് ശേഷം ഇരുവരും തമ്മിലുള്ള പ്രണയം ഗാഢമായി. 
 
ഗാംഗുലിയുടെയും ഡോണയുടെയും വീട്ടുകാര്‍ തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. ഡോണയുടെ പിതാവിന് ഗാംഗുലിയുടെ പിതാവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗാംഗുലിയുടെയും ഡോണയുടെയും ബന്ധത്തിന് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചു. 
 
വീട്ടുകാരുടെ എതിര്‍പ്പ് മറികടക്കാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ഗാംഗുലി ഡോണയെയും കൊണ്ട് ഒരു ദിവസം ഒളിച്ചോടി. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് രഹസ്യമായി ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഗാംഗുലിയും ഡോണയും രഹസ്യമായി വിവാഹം കഴിച്ച കാര്യം പിന്നീട് വീട്ടുകാര്‍ അറിഞ്ഞു. ഒടുവില്‍ 1997 ഫെബ്രുവരി ഒന്നിന് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ഔദ്യോഗികമായി വിവാഹം നടക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍