നാലാം നമ്പറിൽ ശ്രേയസ് അയ്യർ തന്നെ മികച്ചവൻ, കണക്കുകൾ ഇങ്ങനെ

അഭിറാം മനോഹർ
ശനി, 8 ഫെബ്രുവരി 2020 (12:07 IST)
എറെകാലമായി ടീം ഇന്ത്യയുടെ തലവേദനയായിരുന്നു ആരായിരിക്കും ടീമിന്റെ നാലാം സ്ഥാനക്കാരൻ എന്നത്. ഏകദിന ലോകകപ്പിലെ തോൽവിക്കടക്കം ഇന്ത്യക്ക് സ്ഥിരമായൊരു നാലാം സ്ഥാനക്കാരനില്ല എന്നത് വിഷയമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 35 പന്തില്‍ നിന്നും 44 റണ്‍സെടുത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ച ഇന്നിങ്‌സിന് ശേഷം അയ്യർക്ക് തിരിഞ്ഞു നോക്കെണ്ടി വന്നിട്ടില്ല. ന്യൂസീലന്‍ഡ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തിൽ 204 റൺസ് ചേസ് ചെയ്യുമ്പോൾ അയ്യർ 29 പന്തിൽ നിന്നും നേടിയ 58 റൺസും കഴിഞ്ഞ ഏകദിനത്തിലെ സെഞ്ച്വറിയും അയ്യരെ നാലാം സ്ഥാനത്തിൽ സ്ഥിരക്കാരനാക്കിയിരിക്കുകയാണ്.
 
യുവ്‌രാജ് സിംഗ് ഒഴിച്ചിട്ട് പോയ ഇന്ത്യയുടെ നാലാം സ്ഥാനക്കാരന്റെ റോളിൽ പകരക്കാരനെ കണ്ടെത്താൻ ഇന്ത്യ തുടങ്ങിയിട്ട് നാളേറെയായി. ആ സ്ഥാനത്തേക്ക് പിന്നീട് എം.എസ് ധോനി,അജിങ്ക്യ രഹാനെ,അമ്പാട്ടി റായുഡു,റിഷഭ് പന്ത്,ദിനേഷ് കാര്‍ത്തിക്ക് എന്നിവരെയെല്ലാം പരീക്ഷിച്ചെങ്കിലും ആ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ എന്തുകൊണ്ടും താൻ നാലാം സ്ഥാനത്തിന് അർഹനാണെന്ന് അയ്യർ തെളിയിക്കുന്നു.
 
ഇന്ത്യയ്ക്കായി നാലാം നമ്പറിലിറങ്ങിയ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 56.80 ശരാശരിയിൽ 284 റൺസാണ് അയ്യർ നേടിയത്. ഒമ്പത് ഇന്നിങ്‌സ് കളിച്ച ദിനേഷ് കാര്‍ത്തിക്കിന് നേടാനായത് 52.80 ശരാശരിയില്‍ 264 റൺസും. ഈ സ്ഥാനത്ത് കളിച്ച ധോണിക്ക് 4 ഇന്നിങ്സിൽ നിന്നും നേടാനായത് 135 റൺസാണ്. ശരാശരി 45. നാലാം നമ്പറിൽ 14 ഇന്നിങ്സ് കളിച്ച അമ്പാട്ടി റായിഡു 42.18 ശരാശരിയിൽ 464 റൺസാണ് നേടിയത്. അഞ്ച് ഇന്നിങ്‌സുകള്‍ കളിച്ച രഹാനെയ്ക്ക് 35.00 ശരാശരിയില്‍ നേടാനായത് വെറും 140 റണ്‍സ് മാത്രമാണ്.
 
അത് മാത്രമല്ല ക്രിക്കറ്റില്‍ 2019-ല്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ താരങ്ങളില്‍ അഞ്ച് ഇന്നിങ്‌സെങ്കിലും കളിച്ചിട്ടുള്ളവരില്‍ മികച്ച അഞ്ചാമത്തെ ബാറ്റിങ് ശരാശരിയും അയ്യർക്കാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article