കൂട്ടുക്കെട്ട് പൊളിക്കുന്നത് ശീലമാക്കി ശാർദൂൽ, സൗത്താഫ്രിക്കയെ വലിഞ്ഞുകെട്ടി അഞ്ച് വിക്കറ്റ് നേട്ടം

Webdunia
ചൊവ്വ, 4 ജനുവരി 2022 (18:45 IST)
ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായി. കൃത്യമായ ഇടവേളകളിൽ സൗത്താഫ്രിക്കൻ വിക്കറ്റുകൾ പിഴുതെറിഞ്ഞ ഇന്ത്യൻ ഓൾറൗണ്ടർ ശാർദ്ദൂൽ ടാക്കൂറിന്റെ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്.
 
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർ ഏയ്‌ഡൻ മാക്രത്തിനെ മുഹമ്മദ് ഷമി മടക്കിയെങ്കിലും നായകൻ ഡീൻ എൽഗാറും മൂന്നാമനായി ഇറങ്ങിയ കീഗൻ പീറ്റേഴ്‌സണും പതിയെ സ്കോർ ഉയർത്തി. ബു‌മ്രയും ഷമിയും സിറാജും എല്ലാ അടവുകളും എടുത്തെങ്കിലും പതിവ് പോലെ കൂട്ടുക്കെട്ട് തകർക്കാൻ ശാർദൂൽ ടാക്കൂർ അവതരിക്കുകയായിരുന്നു.
 
ടീം സ്കോർ 88ൽ നിൽക്കുമ്പോൾ എൽഗാറിനെയും 101ൽ നിൽക്കുമ്പോൾ ക്രീസിൽ സെറ്റായ ബാറ്റ്സ്മാൻ പീറ്റേഴ്‌സണിനെയും പുറത്താക്കി ശാർദൂൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. വാൻഡർ ഡുസ്സെന്റെ നിർണായക വിക്കറ്റ് കൂടി വീഴ്‌ത്തിയ ടാക്കൂർ അപകടകരമായ രീതിൽ മുന്നേറിയ ആറാം വിക്കറ്റ് കൂട്ടുക്കെട്ടിനും അന്ത്യമിട്ടു.
 
ക്രീസിൽ നിലയുറപ്പിച്ച ടെംബ ബവുമയെ പുറത്താക്കികൊണ്ട് അഞ്ച് വിക്കറ്റ് ശാർദൂൽ സ്വന്തമാക്കി.നേരത്തേ അരങ്ങേറ്റ താരം കൈൽ വെറെയ്നിനെയും ശാർദുൽ മടക്കിയിരുന്നു.102 ന് നാല് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ വെറെയ്നും ബാവുമയും ചേർന്ന് രക്ഷിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു ശാർദൂൽ വിക്കറ്റെടുത്ത് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.
 
ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഉയർത്തിയ 203 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 എന്ന നിലയിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article